തുനീഷ്യ: ഐക്യസര്‍ക്കാറിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം

തൂനിസ്: വിവിധ കക്ഷികളുടെ പിന്തുണയോടെ രൂപവത്കരിച്ച ഐക്യസര്‍ക്കാറിന് പാര്‍ലമെന്‍റ് വിശ്വാസവോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കി. നിയുക്ത പ്രധാനമന്ത്രി യൂസുഫ് ശാഹിദിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ 167 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 22 പേര്‍ എതിര്‍ത്തു.
അഞ്ചുപേര്‍ വിട്ടുനിന്നു. ഏകാധിപതി ബിന്‍ അലിയെ അധികാരത്തില്‍നിന്നു പുറത്താക്കിയ ‘അറബ് വസന്ത’ വിപ്ളവത്തിന് ശേഷം, ആറുവര്‍ഷത്തിനിടെ രാജ്യത്തിന്‍െറ ഏഴാമത് പ്രധാനമന്ത്രിയാകും യൂസുഫ് ശാഹിദ്.  ഫ്രാന്‍സില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷം രാജ്യം കണ്ട ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും 40കാരനായ അദ്ദേഹംതന്നെയാകും.

കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുന്നതിനാല്‍, അധികാരമേറ്റാല്‍, അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും ആവശ്യപ്പെട്ടതുപോലെ ചെലവുചുരുക്കല്‍ നടപടികള്‍ കൊണ്ടുവരുമെന്ന് യൂസുഫ് ശാഹിദ് പ്രഖ്യാപിച്ചുകഴിഞ്ഞു. അഴിമതി, തീവ്രവാദം എന്നിവക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം അന്യായ സമരങ്ങള്‍ നിയന്ത്രിക്കുമെന്നും പ്രഖ്യാപിച്ചു. ഈ മാസം ആദ്യം നടന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഹബീബ് യസീദ് രാജിവെച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാറിനെ പ്രസിഡന്‍റ് അസ്സബ്സി നിയമിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.