നാഗര്‍നോ–കരാബാഖ് സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു

മോസ്കോ: നഗാര്‍നോ–കരാബാഖ് മേഖലയെച്ചൊല്ലിയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് അര്‍മീനിയയും അസര്‍ബൈജാനും കഴിഞ്ഞയാഴ്ച നടത്തിയ ഏറ്റുമുട്ടല്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആശങ്ക. സിവിലിയന്മാര്‍ ഉള്‍പ്പെടെ 50തിലേറെപേര്‍ നാലു ദിവസത്തെ സൈനികനീക്കത്തിനിടെ കൊല്ലപ്പെടുകയുണ്ടായി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അര്‍മീനിയ തുടര്‍ന്നും വെടിയുതിര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അസര്‍ബൈജാന്‍െറ ഭാഗമായ നഗാര്‍നോ കരാബാഖിലെ ഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ ഉന്നയിച്ച വിഘടനവാദം സോവിയറ്റ് ശിഥിലീകരണത്തോടെ ശക്തിപ്രാപിക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മേഖലയടക്കം അസര്‍ബൈജാന്‍െറ 20 ശതമാനത്തോളം ദേശങ്ങള്‍ അര്‍മീനിയ കീഴ്പ്പെടുത്തുകയും ചെയ്തിരുന്നു. 
അധിനിവേശം അവസാനിപ്പിച്ച് പിന്മാറണമെന്ന രക്ഷാസമിതി പ്രമേയവും യൂറോപ്യന്‍ സുരക്ഷാ സഹകരണവേദിയുടെ അഭ്യര്‍ഥനകളും കൂട്ടാക്കാതിരുന്ന അര്‍മീനിയ ഒടുവില്‍ റഷ്യന്‍ ബാധ്യസ്ഥതയില്‍ എത്തിച്ചേര്‍ന്ന കരാര്‍പ്രകാരം 1994ല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയാറായി. എന്നാല്‍, പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന അര്‍മീനിയക്കെതിരെ അന്താരാഷ്ട്രവേദികളില്‍ അസര്‍ബൈജാന്‍ നിയമയുദ്ധം നടത്തുന്നതിനിടയിലാണ് പുതിയ ഏറ്റുമുട്ടല്‍. 
അന്താരാഷ്ട്ര നിയമങ്ങള്‍ അസര്‍ബൈജാന്‍െറ പക്ഷം സാധൂകരിക്കുന്നുവെങ്കിലും ദുര്‍വാശികള്‍ അവസാനിപ്പിക്കാതെ അര്‍മീനിയ തുടരുന്ന ഏകപക്ഷീയത രൂക്ഷമാക്കാനേ ഉതകൂ എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 
പഴയ വൈരത്തിന്‍െറ അണയാതെകിടക്കുന്ന കനലുകള്‍ ഇനിയും ആളിപ്പടരുമെന്ന ആശങ്കയാണ് മേഖലയിലെ നയതന്ത്രകേന്ദ്രങ്ങള്‍ പങ്കുവെക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.