ദാകർ (സെനഗൽ): നൈജറിൽ സായുധസംഘത്തിന്റെ ആക്രമണത്തിൽ 34 സൈനികർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. മാലിയുടെയും ബുർക്കിനഫാസോയുടെയും അതിര് പങ്കിടുന്ന വടക്കൻ നൈജറിലെ ബാനി ബംഗൗവിൽ വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.
200 മോട്ടോർ ബൈക്കുകളിലും എട്ട് മറ്റു വാഹനങ്ങളിലുമാണ് അക്രമികളെത്തിയതെന്ന് നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രത്യാക്രമണത്തിൽ പത്തിലേറെ തീവ്രവാദികളെ വധിക്കാനായെന്നും അധികൃതർ പറഞ്ഞു. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി. അൽഖാഇദയടക്കമുള്ള സംഘടനകളുമായി ബന്ധമുള്ള വിവിധ സംഘങ്ങൾ നൈജറിലും മാലിയിലും ബുർക്കിനഫാസോയിലും പതിറ്റാണ്ടായി സർക്കാറുമായി സായുധ ഏറ്റുമുട്ടലിലാണ്.
മൂന്ന് രാജ്യങ്ങളിലും നടന്ന സൈനിക അട്ടിമറികളെത്തുടർന്ന് ഭരണകൂടങ്ങൾ ഫ്രഞ്ച്, യു.എസ് സൈന്യങ്ങളെ പുറത്താക്കുകയും സുരക്ഷാ സഹായത്തിനായി റഷ്യയുടെ കൂലിപ്പടയാളി സംഘത്തെ ആശ്രയിക്കുകയുംചെയ്തിരുന്നു. സഹേൽ രാഷ്ട്രങ്ങളുടെ സഖ്യം എന്ന പേരിൽ മൂന്ന് രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, ഈ മേഖലയിൽ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.