അർജന്റീനിയൻ സുപ്രീംകോടതിയുടെനിലവറയിൽ കണ്ടെത്തിയ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
ബ്യൂണസ് അയേഴ്സ്: ഹോളോകോസ്റ്റിനെയും നാസികളുടെ രാഷ്ട്രീയ നീക്കങ്ങളെയും കുറിച്ച് രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്ന സുപ്രധാന രേഖകൾ അർജന്റീനിയൻ സുപ്രീംകോടതിയുടെ നിലവറയിൽ കണ്ടെത്തി. ഒളിപ്പിച്ചുവെച്ച 80ലേറെ പെട്ടികളിലുള്ള രേഖകളാണ് കണ്ടെത്തിയത്.
സുപ്രീംകോടതി നിലവറയിലെ പഴയ ഫയലുകളും മറ്റും പുതിയ മ്യൂസിയത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് ഈ രേഖകൾ ലഭിച്ചത്.
1941 ജൂണിൽ ജപ്പാന്റെ തലസ്ഥാനമായ ടോക്യേയിലെ ജർമൻ എംബസിയാണ് 83 പെട്ടികൾ ജപ്പാന്റെ ആവിക്കപ്പലായ ‘നാൻ-എ-മാരു’വിൽ അർജന്റീനയിലേക്ക് അയച്ചത്. വ്യക്തിപരമായ വസ്തുക്കളാണ് പെട്ടിയിലുള്ളതെന്നാണ് അന്ന് ജർമൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ പെട്ടികൾ കസ്റ്റംസ് തടഞ്ഞുവെക്കും പ്രത്യേക കമീഷന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പിന്നീട്, പെട്ടികൾ പിടിച്ചെടുക്കാൻ ജഡ്ജി ഉത്തരവിടുകയും സുപ്രീംകോടതിയുടെ നിലവറയിലേക്ക് മാറ്റുകയുമായിരുന്നു.
രണ്ടാം ലോക യുദ്ധ കാലത്ത് അഡോൾഫ് ഹിറ്റ്ലറുടെ നാസി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് രേഖകളെന്ന് ഒരു ബോക്സ് തുറന്ന് പരിശോധിച്ച കോടതി കണ്ടെത്തി. അർജന്റീന ഇസ്രായേലി മ്യൂച്വൽ അസോസിയേഷന്റെ മുഖ്യ റബ്ബിയും ബ്യൂണസ് അയേഴ്സ് ഹോളോകോസ്റ്റ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ബാക്കി പെട്ടികൾ തുറന്ന് പരിശോധിച്ചത്.
ചരിത്രപരമായ പ്രസക്തി കണക്കിലെടുത്തും ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാലും കണ്ടെത്തിയ രേഖകളുടെ സമഗ്രമായ സർവേക്ക് സുപ്രീംകോടതി പ്രസിഡന്റ് ഹൊറാഷിയോ റൊസാറ്റി ഉത്തരവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.