ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റരുത്; അപ്പീലുമായി പന്ത്രണ്ടുകാരന്‍റെ രക്ഷിതാക്കൾ കോടതിയിൽ

മസ്തിഷ്‌ക മരണം സംഭവിച്ച പന്ത്രണ്ടുകാരൻ ആർച്ചി ബാറ്റേഴ്സ്ബീയുടെ ജീവൻ കൃത്രിമ ഉപകരണങ്ങളിലൂടെ നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഇംഗ്ലണ്ടിലെ ദമ്പതികൾ. നാല് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ചൊവ്വാഴ്ച ഉച്ചയോടെ എടുത്തു മാറ്റാൻ ഡോക്ടർമാർക്ക് അപ്പീൽ കോടതി അനുമതി നൽകിയിരുന്നു.

ഇതിനെതിരെയാണ് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയിൽ രക്ഷിതാക്കളായ ഹോളി ഡാൻസും പോൾ ബാറ്റേഴ്സ്ബിയും അപ്പീൽ നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ എസെക്‌സിലെ സൗത്ത്‌ ഹെൻഡിലുള്ള വീട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റാണ് ആർച്ചിക്ക് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. ഓൺലൈൻ ചലഞ്ചിനിടെയാണ് മകൻ അപകടത്തിൽപെട്ടതെന്നാണ് രക്ഷിതാക്കൾ വിശ്വസിക്കുന്നത്.

വൈറ്റ്ചാപലിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിക്ക് ഇതുവരെ ബോധംവന്നിട്ടില്ല. എന്നാൽ, 12 വയസ്സുകാരന്റെ ജീവൻ നിലനിർത്തുന്ന ചികിത്സ ചൊവ്വാഴ്ച ഉച്ചക്കു മുമ്പ് നിർത്തണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടിരുന്നു. ആശുപത്രി നൽകിയ ഹരജിയെ തുടർന്നാണ് അപ്പീൽ കോടതി ജഡ്ജിമാരുടെ വിധി.

ഉടൻ തന്ന രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ആർച്ചിയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റുന്നതാണ് കുട്ടിയുടെ താൽപര്യത്തിന് ഏറ്റവും നല്ലതെന്നാണ് ഡോക്ടർമാർ വാദിക്കുന്നത്. നേരത്തെ, യു.എൻ കമീഷൻ ഫോർ ദി റൈറ്റ്‌സ് ഓഫ് പീപ്പിൾ ഓഫ് ഡിസെബിലിറ്റിയുടെ എതിർപ്പ് തള്ളിയാണ് കുട്ടിയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റാൻ അപ്പീൽ കോടതി അനുമതി നൽകിയത്.

ആർച്ചി ബാറ്റേഴ്സ്ബീയുടെ രക്ഷിതാക്കളായ പോൾ ബാറ്റേഴ്സ്ബിയും ഹോളി ഡാൻസും

ജീവൻരക്ഷ ചികിത്സ പിൻവലിക്കാൻ അനുവദിക്കുന്നതിനുള്ള അപ്പീൽ കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കൾ അപ്പീൽ നൽകിയത്. ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കുന്നത് കൺവെൻഷൻ ലംഘനമാണെന്ന പരാതി പരിഗണിക്കാൻ യു.എൻ കമീഷന് കൂടുതൽ സമയം അനുവദിക്കുന്നതിനാണ് രക്ഷിതാക്കൾ അപ്പീൽ നൽകിയതെന്നും സുപ്രീംകോടതി വക്താവ് അറിയിച്ചു.

'ആർച്ചി ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ടെന്ന് എനിക്കറിയാം' -സുപ്രീംകോടതിയിൽ അപേക്ഷ നൽകിയ ശേഷം ഡാൻസ് പ്രതികരിച്ചു. അപ്പീൽ സ്വീകരിച്ച കോടതി ഉടൻ വാദം കേൾക്കുമെന്നാണ് അറിയുന്നത് വിവരം.

Tags:    
News Summary - Archie Battersbee’s family appeal with Supreme Court to stop withdrawal of life support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.