വിവാദ എഡിറ്റിങ്: ബി.ബി.സിയിൽ നിന്നും 5 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യ​പ്പെടുമെന്ന് ട്രംപ്

വാഷിങ്ടൺ: വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായ പ്രചാരണം നടത്തിയതിന് ബി.ബി.സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ ​പ്രസിഡന്റ് ​ഡോണാൾഡ് ട്രംപ്. ബി.ബി.സിയിൽ നിന്നും ഒന്നു മുതൽ അഞ്ച് ബില്യൺ ഡോളർ വ​രെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് ട്രംപ് അറിയിച്ചത്. മതിയായ നഷ്ടപരിഹാരത്തുക നൽകി കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ട്രംപിന്‍റെ നിയമസംഘത്തിലെ വക്താവ് പറഞ്ഞു.

വിവാദ എഡിറ്റിങ്ങിന് പിന്നാലെ ക്ഷമാപണവുമായി കഴിഞ്ഞ ദിവസം ബി.ബി.സി ചെയർമാൻ ട്രംപിന് കത്തയക്കുകയും അപകീർത്തിക്കേസിലെ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ വീഡിയോയിലെ വിവിധ ഭാഗങ്ങൾ ചേർത്ത് ഒന്നാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് ചാനലിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ് നൽകിയ കത്തിനുള്ള മറുപടി ഇന്നലെയാണ് അയച്ചത്.

തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച അശ്രദ്ധയിൽ ഖേദിക്കുന്നുവെന്നും വീഡിയോ മറ്റേ​തെങ്കിലും പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയില്ലെന്നും ട്രംപിന് അയച്ച ക്ഷമാപണ കത്തിൽ ബി.ബി.സി ചെയർമാൻ സമീർ ഷാ പറഞ്ഞു. എന്നാൽ ചാനലിന് മേൽ വൈറ്റ് ഹൗസ് ചുമത്തിയ അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്നും നഷ്ടപരിഹാരത്തുക നൽകില്ലെന്നും ​പ്രസ്താവിച്ചിരുന്നു. ഡോക്യുമെന്ററി പിൻവലിക്കുകയും ട്രംപിനോട് ക്ഷമാപണം നടത്തുകയും സാമ്പത്തികവും പ്രശസ്തിക്കുമുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ ബി.ബി.സിയിൽ നിന്നും ഒരു ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ് പ്രസിഡന്റിന്റെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത 'ട്രംപ്: എ സെക്കൻഡ് ചാൻസ്' എന്ന ബി.ബി.സി പനോരമ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ട്രംപിന്‍റെ പ്രസംഗത്തെച്ചൊല്ലിയാണ് ആക്ഷേപം ഉയർന്നത്. 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ബി.ബി.സിക്കെതിരെ ഉയർന്ന ആരോപണം. ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുകയും ഇത് ഡോക്യുമെന്ററിയിൽ ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണം.

Tags:    
News Summary - Anywhere Between $1–5 Billion: Trump Says He'll Sue BBC Over Panorama Edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.