ജൊഹാനസ് ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുൻ പ്രസിഡൻറ് നെൽസൺ മണ്ടേലക്കൊപ്പം വർണ വിവേചനത്തിനെതിരെ പോരാടിയ ഇന്ത്യൻ വംശജൻ ഇബ്രാഹിം ഇസ്മാഈൽ ഇബ്രാഹിം അന്തരിച്ചു. 84 വയസായിരുന്നു. വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നെൽസൺ മണ്ടേല, അഹ്മദ് കത്രാഡ എന്നിവർക്കൊപ്പം റോബൻ ദ്വീപിൽ വർഷങ്ങളോളം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായി ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എ.എൻ.സി) സന്ദേശത്തിൽ പറഞ്ഞു. മഹാത്മഗാന്ധിയുടെ സത്യഗ്രഹ സമരമുറകളാണ് അദ്ദേഹം പിന്തുടർന്നത്. രോഗബാധയാൽ ജൊഹാനസ് ബർഗിലെ വസതിയിലായിരുന്നു അന്ത്യം. എ.എൻ.സിയുടെ സജീവ അംഗമായിരുന്നു.
വെള്ളക്കാരുടെ മേധാവിത്വത്തിനെതിരെ 13ാം വയസിലാണ് ഇബ്രാഹിം പോരാട്ടത്തിനിറങ്ങിയത്. 1952ൽ എ.എൻ.സിയുടെ യുവ ആക്ടിവിസ്റ്റായി. പിന്നീട് എ.എൻ.സിയുടെ സായുധവിഭാഗത്തിലും ചേർന്നു. 1963ൽ അറസ്റ്റിലായി. റോബൻ ദ്വീപിൽ 15 വർഷം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. 1979ൽ മോചിതനായെങ്കിലും 1989ൽ വീണ്ടും അറസ്റ്റിലായി. പിന്നീട് 1991ൽ ജയിൽമോചിതനായി. 1994ൽ രാജ്യത്ത് ജനാധിപത്യ സർക്കാർ രൂപവത്കരിച്ചപ്പോൾ പങ്കാളിയായി. 2009ൽ വിദേശകാര്യ വകുപ്പിൽ ഉപമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.