ഹിലരിയോ ട്രംപോ? അമേരിക്ക ഇന്ന് വിധിയെഴുതും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ളിന്‍റനുമാണ് പ്രധാന സ്ഥാനാര്‍ഥികള്‍.  58ാമത്തെ തെരഞ്ഞെടുപ്പിനാണ് അമേരിക്ക സാക്ഷ്യംവഹിക്കുന്നത്. അമേരിക്കയുടെ 45ാമത്തെ പ്രസിഡന്‍റും 48ാമത്തെ വൈസ് പ്രസിഡന്‍റുമാണ് തെരഞ്ഞെടുക്കപ്പെടാനിരിക്കുന്നത്.

ബിസിനസുകാരനും ടെലിവിഷന്‍ വ്യക്തിത്വവുമായ ട്രംപ് കര്‍ക്കശവും വംശീയച്ചുവയുള്ളതുമായ നിലപാടുകളിലൂടെ ഇതിനകം വിവാദ കഥാപാത്രമായിട്ടുണ്ട്. തുടക്കംമുതല്‍ പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ ട്രംപിനെതിരെ ഹിലരിക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍, ഇ-മെയില്‍ വിവാദം ഉയര്‍ന്നതോടെ ഹിലരിയുടെ നില പരുങ്ങലിലായിരുന്നു. ഇ-മെയില്‍ കേസില്‍ കുറ്റക്കാരിയല്ളെന്ന് കഴിഞ്ഞ ദിവസം വെളിപ്പെട്ടതോടെ ഹിലരിക്ക് പ്രതിച്ഛായ വീണ്ടെടുക്കാനായി. ട്രംപ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്‍റായിരിക്കും അദ്ദേഹം. ഹിലരി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ വനിതാ പ്രസിഡന്‍റുമാകും.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍ വിര്‍ജീനിയയില്‍നിന്നുള്ള സെനറ്ററാണ്. ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുക്കുക. ഇലക്ടറല്‍ കോളജ് ചേര്‍ന്നാണ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കുകയെന്നതിനാല്‍ ഇതിലെ ഭൂരിപക്ഷമാണ് നിര്‍ണായകം. 538 ഇലക്ടേഴ്സില്‍നിന്ന് 270 അംഗങ്ങളുടെയെങ്കിലും വോട്ടുകള്‍ നേടുന്നയാളാണ് പ്രസിഡന്‍റാവുക.

 

Tags:    
News Summary - us presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.