യു.എസ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്; സര്‍വേയില്‍ മുന്‍തൂക്കം ഹിലരിക്ക് 

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കൂടുതല്‍ വോട്ടര്‍മാരുടെ പിന്തുണയുറപ്പാക്കാന്‍ അവസാനവട്ടശ്രമവുമായി ഹിലരി ക്ളിന്‍റന്‍െറയും ഡൊണാള്‍ഡ് ട്രംപിന്‍െറയും പ്രചാരകര്‍ രംഗത്ത്. 3.7 കോടി വോട്ടര്‍മാര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച 20 കോടി വോട്ടര്‍മാര്‍ ട്രംപിന്‍െറയും ഹിലരിയുടെയും ഭാവി നിര്‍ണയിക്കും. ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ഹിലരി, ട്രംപിനേക്കാള്‍ രണ്ട് പോയന്‍റ് മുന്നിലാണ്. ഫോക്സ് ന്യൂസ് സര്‍വേയില്‍ ഹിലരിക്ക് 45ഉം ട്രംപിന് 43ഉം ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. 

അതേസമയം, ഇലക്ടറല്‍ കോളജില്‍ ഹിലരിയുടെ വോട്ട് 270നു താഴെയായിരിക്കുമെന്ന് സി.എന്‍.എന്‍ പ്രവചിക്കുന്നു. 268 വോട്ടുകള്‍ ലഭിക്കുമെന്നാണ് സി.എന്‍.എന്‍ സര്‍വേ പറയുന്നത്. 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 വോട്ട് നേടിയവര്‍ക്ക് പ്രസിഡന്‍റാവാം. ജനഹിതം എതിരായാല്‍പോലും ഇലക്ടറല്‍ കോളജിന്‍െറ തെരഞ്ഞെടുപ്പാണ് അന്തിമവിധി. ട്രംപിന് 204 വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. അരിസോണ, ഫ്ളോറിഡ, നവേദ, ന്യൂ ഹാംഷയര്‍, നോര്‍ത്കരോലൈന എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മത്സരം നടക്കുമെന്നും സി.എന്‍.എന്‍ വിലയിരുത്തുന്നു. ന്യൂയോര്‍ക് ടൈംസ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് 67.8 ശതമാനം വിജയസാധ്യത പ്രവചിക്കുന്നു. ഹഫിങ്ടണ്‍ പോസ്റ്റ് ഒരുപടികൂടി മുന്നില്‍ കടന്ന് 97.9 ശതമാനം വിജയസാധ്യതയാണ് ഹിലരിക്ക് പ്രതീക്ഷിക്കുന്നത്. പ്രിന്‍സെതോണ്‍ ഇലക്ഷന്‍ കണ്‍സോര്‍ട്യത്തിന്‍െറയും വിജയസ്ഥാനാര്‍ഥി ഹിലരി തന്നെ. ജനകീയ വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ എട്ടിന് അല്‍ഖാഇദ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായ സന്ദേശത്തത്തെുടര്‍ന്ന് പൊലീസ് കനത്ത ജാഗ്രതയിലാണ്. ന്യൂയോര്‍ക്, ടെക്സസ്, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളാണ് ഭീകരരുടെ ഉന്നമെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാത സന്ദേശത്തിന്‍െറ ആധികാരികതയെക്കുറിച്ചും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.


ഹിലരിയുടെ നയം തീവ്രവാദം വളര്‍ത്തുന്നത് –ട്രംപ്
വാഷിങ്ടണ്‍: യു.എസിനെ വൈദേശികര്‍ക്ക് ആക്രമിക്കാന്‍ എളുപ്പമാക്കുന്ന നയങ്ങളാണ് പ്രസിഡന്‍റ് ബറാക് ഒബാമയും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും സ്വീകരിച്ചതെന്ന് ട്രംപ്. ഹിലരിയുടെ വിദേശകാര്യ നയങ്ങള്‍ അമേരിക്കന്‍ സ്കൂളുകളില്‍ തീവ്രവാദം വളര്‍ത്തുന്നതാണ്. എന്നാല്‍, അമേരിക്കയെ ഒന്നാമതാക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഒബാമയും ഹിലരിയും അമേരിക്കന്‍ ജനതക്ക് സുരക്ഷിതത്വം നല്‍കില്ല. രാജ്യത്തിന്‍െറ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പോരാട്ടം. അതിര്‍ത്തികള്‍ കടന്നത്തെുന്നവര്‍ അമേരിക്കന്‍ ജനതയുടെ ജോലിയും പണവും കവര്‍ന്നെടുക്കുന്നു. അങ്ങനെ അമേരിക്കയില്‍നിന്ന്  മറ്റു രാജ്യങ്ങളിലേക്ക് പണമൊഴുകുന്നു. അമേരിക്കയെ സുരക്ഷിതമാക്കുന്ന പുതിയ നേതൃത്വത്തിനായി മാറിച്ചിന്തിക്കേണ്ട കാലമായിരിക്കുന്നെന്നും ട്രംപ് ആഹ്വാനംചെയ്തു.

ട്രംപ് യു.എസ് ഭരണഘടനയെ ധിക്കരിക്കുന്നു –ഹിലരി
വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരെ കുറ്റവാളികളെന്നും മുസ്ലിംകളെ അമേരിക്കയിലേക്ക് വിലക്കുമെന്നും വീമ്പിളക്കുന്ന റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന്‍െറ ഭരണഘടനയോടും നിയമസംവിധാനത്തോടും അനാദരവ് കാണിക്കുകയാണെന്ന് ഹിലരി ക്ളിന്‍റന്‍ ആരോപിച്ചു. മിഷിഗണിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഹിലരിയുടെ വാക്ശരങ്ങള്‍. ട്രംപിന്‍െറ തനിനിറം നാം മനസ്സിലാക്കിയതാണ്. ഇനി നാം ആരാണെന്ന് നമുക്ക് തീരുമാനിക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുകയാണെങ്കില്‍ ലോകവ്യാപകമായുള്ള മുസ്ലിംകളെ അമേരിക്കയിലേക്ക് വിലക്കുന്ന ഒരാളായിരിക്കും നമ്മുടെ പ്രസിഡന്‍റ്. മതസ്വാതന്ത്ര്യം പൂര്‍ണതോതില്‍ അനുവദിക്കുന്ന നാടാണ് അമേരിക്ക. 

അമേരിക്കന്‍ ഭരണഘടനക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കും നമ്മുടെ പ്രസിഡന്‍റ്. കറുത്തവര്‍ഗക്കാര്‍ അമേരിക്കക്കു നല്‍കിയ സംഭാവനകളെക്കുറിച്ച് അവരെ കുറ്റവാളികളായി കാണുന്ന ആ പ്രസിഡന്‍റിന് അറിവുണ്ടാകില്ല. ആ വിഭാഗത്തില്‍നിന്നുയര്‍ന്നുവരുന്ന ആക്ടിവിസ്റ്റുകളെയും ചിന്തകന്മാരെയും നേതാക്കളെയുംകുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കുമറിയില്ല. പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ലിംഗസമത്വമുള്ള, വര്‍ണവിവേചനമില്ലാത്ത ഒരു അമേരിക്കയെ വാര്‍ത്തെടുക്കുമെന്ന് ഹിലരി പറഞ്ഞു.


 

Tags:    
News Summary - US election: Who is going to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.