വാഷിംഗ്ടൺ: ഉയ്ഗുർ മുസ്ലിംകൾക്കെതിരായ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് യു.എസ് പ്രതിനിധിസഭ ‘ഉയ്ഗൂർ മനുഷ്യാവകാശനയ നിയമം’ പാസാക്കി. ചൈനയിലെ 10 ലക്ഷത്തിലധികം ഉയ്ഗൂറുകളെയും മറ്റ് മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളെയും കൂട്ടത്തടങ്കലിലാക്കിയതിനെതിരെ യു.എസ് ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുന്നതാണ് ബിൽ. യു.എസ് ജനപ്രതിനിധിസഭയുടെ നീക്കം ചൈന-യു.എസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് നിരീക്ഷക്കപ്പെടുന്നത്.
പ്രമേയം സെനറ്റ് നേരത്തേ പാസാക്കിയിരുന്നു. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ ഒന്നിനെതിരെ 471 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. ബിൽ പാസാക്കിയതു വഴി അടിച്ചമർത്തപ്പെട്ടവരുടെ വേദനകൾക്കു നേരെ അമേരിക്ക കണ്ണടക്കില്ലെന്ന് വ്യക്തമാകുന്നതായി സഭയിലെ റിപബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി പറഞ്ഞു.
ഉയ്ഗൂർ വംശജർക്ക് നേരെയുള്ള ചൈനീസ് സർക്കാറിെൻറ മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ബില്ലെന്ന് സെനറ്റിെൻറ വിദേശകാര്യ സമിതിയിലെ മുതിർന്ന അംഗങ്ങളായ മാർക്കോ റൂബിയോയും ബോബ് മെനെൻഡെസും പറഞ്ഞു. സിൻജ്യാങ് സ്വയംഭരണ മേഖലയിലെ ഉയ്ഗൂറുകളെയും മറ്റ് മുസ്ലിം വംശജരെയും തടവിലാക്കൽ, അമേരിക്കൻ പൗരന്മാരുടേയും അമേരിക്കൻ മണ്ണിൽ നിയമപരമായി താമസമാക്കിയവരുടെയും കാര്യത്തിൽ ഇടപെടുന്നതും ഭീഷണിപ്പെടുത്തുന്നതും അപലപിക്കുന്നതാണ് ബിൽ.
ഉയ്ഗൂറുകൾക്കെതിരെ ചൈന സ്വീകരിക്കുന്ന നടപടി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കണമെന്ന് യു.എസ് സർക്കാറിെൻറ വിവിധ വകുപ്പുകളോട് ബിൽ നിർദേശിക്കുന്നു. ഇതുമൂലമുണ്ടാകുന്ന സുരക്ഷ ഭീഷണിയെക്കുറിച്ച് ദേശീയ രഹസ്യാന്വേഷണ ഡയറക്ടർ അമേരിക്കൻ കോൺഗ്രസിൽ റിപ്പോർട്ട് ചെയ്യണം. തടവിലാക്കപ്പെട്ടവരുടെ എണ്ണം, പ്രവിശ്യയിലെ സർക്കാർ നിരീക്ഷണം, യു.എസ് നയതന്ത്ര ശ്രമങ്ങൾ എന്നിവ ഉൾപ്പെടെ വിദേശകാര്യ വകുപ്പും ചൈനീസ് സർക്കാറിെൻറ ഭീഷണിയിൽനിന്ന് ഇരകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ എഫ്.ബി.ഐയും റിപ്പോർട്ട് ചെയ്തു.
സിൻജിയാങ്ങിലേക്ക് യു.എസ് മാധ്യമങ്ങൾ എത്തിച്ചേരൽ, ചൈനീസ് പ്രചാരണ തന്ത്രങ്ങൾ അടക്കം മാധ്യമ സംബന്ധിയായ കാര്യങ്ങൾ ആഗോള മാധ്യമങ്ങൾക്കായുള്ള യു.എസ് ഏജൻസിയും റിപ്പോർട്ട് ചെയ്യണമെന്ന് ബിൽ വ്യവസ്ഥചെയ്യുന്നു. അതേസമയം, ബില്ലിൽ ട്രംപ് ഒപ്പുവെക്കുമോ അതോ വീറ്റോ ചെയ്യുമോ എന്നകാര്യം വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടില്ല.
കടുത്ത വിമർശനവുമായി ചൈന
ബെയ്ജിങ്: യു.എസ് പ്രതിനിധി സഭ പാസാക്കിയ ഉയ്ഗൂർ മനുഷ്യാവകാശ ബില്ലിനെതിരെ കടുത്ത വിമർശനവുമായി ചൈന രംഗത്ത്. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള അമേരിക്കൻ ഇടപെടലിെൻറ മറ്റൊരു ഉദാഹരണമാണെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. സിൻജ്യാങ് മേഖലയിൽ മനുഷ്യാവകാശ സംരക്ഷണത്തിനും ഭീകരവാദത്തെ നേരിടുന്നതിനും ചൈന നടത്തുന്ന ശ്രമങ്ങൾക്ക് നേരെ യു.എസ് കണ്ണടക്കുകയാണെന്ന് ചൈനയുടെ വിദേശകാര്യ കമീഷൻ കുറ്റപ്പെടുത്തി. ബിൽ, യാഥാർഥ്യങ്ങളെ അവഗണിച്ച് സത്യവും മിഥ്യയും കൂട്ടിക്കലർത്തുകയാണ്. ഹോങ്കോങ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട ബില്ലിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതോടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായതായും കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.