ട്രംപിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഒബാമ

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നതില്‍ സഖ്യരാജ്യങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ബറാക് ഒബാമ. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതില്‍ നാറ്റോ അംഗരാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്ക ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘നാറ്റോയില്‍ യു.എസിനുള്ള പ്രതിബദ്ധത തുടരുന്നതില്‍ ട്രംപ് വളരെയധികം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം ജനുവരിയില്‍ സ്ഥാനമേറ്റെടുക്കുന്നത് മുതല്‍ അമേരിക്കയുടെ വിദേശബന്ധങ്ങള്‍ മാനിക്കും’’ -വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒബാമ പറഞ്ഞു.

നാറ്റോ അംഗരാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സംരക്ഷണം നല്‍കുമെന്ന  യു.എസ് വാഗ്ദാനം താന്‍ പ്രസിഡന്‍റാവുന്ന പക്ഷം റദ്ദാക്കുമെന്ന് പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, നാറ്റോയും ബാള്‍ട്ടിക് അംഗരാജ്യങ്ങളും തങ്ങളുടെ ആശങ്ക പരസ്യമാക്കുകയും ചെയ്തു.കഴിഞ്ഞ 25 വര്‍ഷം കൊണ്ടുണ്ടാക്കിയ ബന്ധം ഭീഷണിയിലാണെന്നായിരുന്നു ലിത്വേനിയയുടെ പ്രതികരണം. നാറ്റോ സഖ്യം ഉപേക്ഷിക്കുന്നത് യു.എസിനും യൂറോപ്പിനും ഉചിതമായിരിക്കില്ളെന്ന് നാറ്റോ മേധാവി തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്‍ഗാമിയെക്കുറിച്ച് പരക്കുന്ന ഭീതി കുറക്കുന്ന പ്രസ്താവന ഒബാമതന്നെ നടത്തിയത്. തന്‍െറ അവസാന ഒൗദ്യോഗിക വിദേശ സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മുമ്പായിരുന്നു ഒബാമയുടെ വാര്‍ത്തസമ്മേളനം. ഗ്രീസ്, ജര്‍മനി, പെറു എന്നീ രാജ്യങ്ങളാണ് ഒബാമ സന്ദര്‍ശിക്കുന്നത്.

Tags:    
News Summary - trump obama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.