മുൻ ലോകസുന്ദരിയെ വീണ്ടും അപമാനിച്ച് ട്രംപ്

വാഷിങ്ടണ്‍: മുൻ ലോകസുന്ദരിയെ വീണ്ടും അപമാനിച്ച് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപിന്‍റെ ട്വീറ്റ്. വെനസ്വേലക്കാരി അലിസിയ മഷാഡോയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കൻ ജനത പരിശോധിക്കണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അലിസിയ മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് ഡെമോക്രറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

ട്രംപിന്‍റെ പ്രസ്താവനക്കും ആരോപണത്തിനും എതിരെ ശക്തമായി ഹിലരി തിരിച്ചടിച്ചു. ട്രംപിന്‍റെ മനോനില തെറ്റിയെന്നാണ് ഹിലരി പ്രതികരിച്ചത്. പെട്ടെന്ന് ക്ഷുഭിതനാകുന്ന സ്വഭാവം അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിക്ക് യോജിച്ചതല്ല. ഒരു ട്വീറ്റ് കൊണ്ട് പ്രകോപിതനാകുന്ന ഒരാളെ ആണവായുധ രഹസ്യങ്ങളുടെ അടുത്തു പോലും അടുപ്പിക്കാനാവില്ലെന്നും ഹിലരി ചൂണ്ടിക്കാട്ടി.

മുൻ ലോക സുന്ദരിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കറുത്ത അധ്യായങ്ങളാണ് തന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നാണ് ട്രംപിന്‍റെ നിലപാട്. സൗന്ദര്യ മൽസരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ഡോണൾഡ് ട്രംപ് ലാറ്റിനമേരിക്കൻ വംശജയായ മുൻ വിശ്വസുന്ദരിയെ അപമാനിച്ചെന്ന ഹിലരിയുടെ ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ട്രംപിന്‍റെ ആരോപണത്തോട് ട്വിറ്ററിലൂടെ അലിസിയയും പ്രതികരിച്ചു. സംവാദത്തിൽ ഉയരുന്ന യഥാർഥ വിഷയങ്ങളെ വഴിതിരിച്ചുവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും മഹത്തായ രാജ്യത്തിന്‍റെ ഭരണാധികാരിയാകാനുള്ള കഴിവില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന തെളിയിക്കുന്നതെന്നും അലിസിയ വ്യക്തമാക്കി.

ലോകസുന്ദരിപ്പട്ടം നേടിയശേഷം തടിവെച്ചപ്പോൾ പന്നിക്കുട്ടിയെന്നും വീടുനോട്ടക്കാരിയെന്നും വിളിച്ച് ട്രംപ് തന്നെ അപമാനിച്ചതായി അലിസിയ നേരത്തെ പറഞ്ഞിരുന്നു. ട്രംപിന്‍റെ ലാറ്റിനമേരിക്കൻ വിദ്വേഷത്തിന് താനും ഇരയായെന്ന് അലിസിയ വ്യക്തമാക്കിയിരുന്നു.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർഥികൾ നടത്തുന്ന സംവാദങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതുറന്നിട്ടുള്ളത്. സംവാദത്തിനിടെയാണ് അലിസിയക്കെതിരായ ട്രംപിന്‍റെ ആക്ഷേപങ്ങൾ ഹിലരി ആയുധമാക്കിയത്. അമേരിക്കൻ നടിയും ടിവി അവതാരികയും ഗായികയുമായ അലിസിയ മഷാഡോയെ 1996ലാണ് ലോകസുന്ദരിയായി തെരഞ്ഞെടുത്തത്. 1995ലാണ് അലിസിയ മിസ് വെനസ്വേലയായത്. ലാസ് വേഗാസിൽ നടന്ന ലോക സുന്ദരി മത്സരത്തിന്‍റെ നടത്തിപ്പവകാശം വ്യവസായിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾ ട്രംപിനായിരുന്നു.

Tags:    
News Summary - Trump Again Attacks Former Miss Universe Alicia Machado

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.