ഹൂസ്റ്റൺ: മലയാളി ദമ്പതിമാർ ദത്തെടുത്ത മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസ് അമേരിക്കൻ സംസ്ഥാനമായ ഹൂസ്റ്റണിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുരുന്നുകളുടെ സംരക്ഷക്ക് ‘ഷെറിൻ നിയമം’ ഒരുങ്ങുന്നു. രണ്ട് വനിത സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ നീക്കത്തിലാണ് 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീടുകളിൽ തനിച്ചാക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുന്ന നിയമം തയ്യാറാക്കുന്നത്.
കുഞ്ഞുങ്ങളെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ പൊലീസിൽ അറിയിക്കാതിരിക്കുന്നതും ശിക്ഷിക്കപ്പെടും. നിയമം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുന്നതിന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളിൽ പലരുടെയും പിന്തുണ ഇതിനകം ഉറപ്പാക്കാനായിട്ടുണ്ടെന്ന് കരട് നിയമത്തിനു പിന്നിലുള്ള റീന ബാന, ഷന്ന പൊടീറ്റ് എന്നിവർ പറഞ്ഞു.
ഒക്ടോബർ ഏഴിനാണ് വളർത്തുമകളായ ഷെറിൻ മാത്യൂസിനെ കാണാതാകുന്നത്. തൊട്ടുതലേ ദിവസം മാതാപിതാക്കൾ ഷെറിനെ വീട്ടിൽ തനിച്ചാക്കി സ്വന്തം മകൾക്കൊപ്പം പുറത്തുപോയിരുന്നു. കാണാതായതായി പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞ് ഒക്ടോബർ 22നാണ് ഷെറിനെ സമീപത്തെ കലുങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാൽ കുടിക്കാത്തതിന് വീടിനു വെളിയിൽ നിർത്തിയിരുന്നുവെന്നും ഇൗ സമയം ചെന്നായ്ക്കൾ കടിച്ചുകൊണ്ടുപോയതാകാമെന്നുമായിരുന്നു വളർത്തച്ഛൻ സ്റ്റാൻലി മാത്യൂസ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. വളർത്തമ്മക്കെതിരെ കുട്ടിയെ അപകടകരമായി ഒറ്റക്കാക്കിയതിനും കേസുണ്ട്.
ഇതിനു പിന്നാലെയാണ് കുഞ്ഞുങ്ങളെ തനിച്ചാക്കുന്നത് വിലക്കിയുള്ള നിയമനിർമാണത്തിന് സന്നദ്ധ പ്രവർത്തകരുടെ നീക്കം. കുട്ടികൾക്ക് പക്വത വരുന്ന പ്രായം ഏതെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ചർച്ചകളിലൂടെ സമവായത്തിലെത്തണം. അമേരിക്ക ‘ഷെറിൻ നിയമം’ നടപ്പാക്കുമെന്നുതന്നെയാണ് സന്നദ്ധ പ്രവർത്തകരായ റീന ബാനയുടെയും ഷന്ന പൊടീറ്റിെൻറയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.