വിമാനം തകര്‍ന്നത്് ഇന്ധനം തീര്‍ന്നതുകൊണ്ട്



ബൊഗോട്ട: ചാപ്പെകോയന്‍സ്  ടീം അംഗങ്ങള്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്  ഇന്ധനം തീര്‍ന്നതുകൊണ്ടാണെന്ന് കൊളംബിയന്‍ വ്യോമയാന അധികൃതരുടെ റിപ്പോര്‍ട്ട്. 
അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിലെ  ഇന്ധനം തീര്‍ന്നുവെന്നും പെട്ടെന്ന് നിലത്തിറക്കാന്‍ അനുവാദം തരണമെന്നും പൈലറ്റ് ആവശ്യപ്പെടുന്ന ശബ്ദരേഖയിലൂടെയാണ് ഇക്കാര്യം കണ്ടത്തെിയത്. യന്ത്രത്തകരാറുമൂലം മറ്റൊരു വിമാനം റണ്‍വേയെ സമീപിക്കുന്നതിനാല്‍ ഏഴു മിനുട്ടു കൂടി  കാത്തിരിക്കാനാണ് കണ്‍ട്രോള്‍റൂമില്‍നിന്നും പൈലറ്റിന് ലഭിച്ച മറുപടി. ചോര്‍ന്നു കിട്ടിയ ശബ്ദരേഖ കൊളംബിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇന്ധനമില്ലാത്തതിനാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും 9000 അടി ഉയരത്തിലാണ് പറക്കുന്നതെന്നും പെട്ടെന്ന് നിലത്തിറക്കാന്‍ അനുവദിക്കണമെന്നും വീണ്ടും പൈലറ്റ് ആവശ്യപ്പെടുന്നതും ശബ്ദരേഖയിലുണ്ട്. 

കണ്‍ട്രോള്‍ റൂമില്‍നിന്നും പെണ്‍ ശബ്ദമാണ് മറുപടി നല്‍കുന്നത്. സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കി യന്ത്രത്തകരാറുമൂലം നിലത്തിറക്കാന്‍ ശ്രമിക്കുന്ന വിമാനത്തിലെ പൈലറ്റിനോട് പദ്ധതി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. നിശ്ശബ്ദമാകും മുമ്പ് ചാര്‍ട്ടേഡ് ജെറ്റിന്‍െറ പൈലറ്റ് വിമാനം നിലത്തിറക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും  അപേക്ഷിക്കുന്നതും കേള്‍ക്കാമായിരുന്നു.  

വിമാനം തകര്‍ന്നുവീണ സ്ഥലത്ത് അന്വേഷണം പൂര്‍ത്തിയായെന്നും അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മനസ്സിലാക്കാനായത് അപകടകാരണം ഇന്ധനം തീര്‍ന്നതാണെന്നും സിവില്‍ ഏവിയേഷന്‍ മേധാവി അല്‍ഫ്രഡോ ബൊക്കനിഗ്രാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
മുപ്പത് മിനിറ്റോളം അധികം പറക്കാനുള്ള ഇന്ധനം വിമാനത്തില്‍ വേണമെന്നത് നിര്‍ബന്ധമാണ്. 

എന്നാല്‍, ഈ വിമാനത്തില്‍ അതില്ലായിരുന്നു. പരിശോധനക്കായി വിമാനത്തിന്‍െറ ബ്ളാക്ക്ബോക്സ് ബ്രിട്ടനിലേക്കയക്കുമെന്നും അന്വേഷണത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും  അധികൃതര്‍ പറഞ്ഞു. 
 

അതിനിടെ, ദുരന്തകാരണം ഇന്ധനമില്ലായ്മയാണെന്ന് സ്ഥിരീകരിച്ചതോടെ ക്ളബ് ആരാധകര്‍ രോഷാകുലരായി. വിമാന കമ്പനിക്കും അധികൃതര്‍ക്കുമെതിരെയാണ് ആരാധകരുടെ രോഷം അണപൊട്ടിയത്. 
ബ്രസീല്‍ പ്രാദേശിക ഫുട്ബാള്‍ ക്ളബായ ചാപ്പെകോയന്‍സിലെ കളിക്കാരും ടെക്നിക്കല്‍ സ്റ്റാഫും സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരുമുള്‍പ്പെടെ പറന്ന വിമാനം കൊളംബിയയിലെ മലനിരകളില്‍ തകര്‍ന്നുവീണ് 71 പേരാണ് മരിച്ചത്.

Tags:    
News Summary - plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.