വാഷിങ്ടൺ: കോവിഡ് പ്രതിസന്ധിയിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തത് 24000 ഒാളം ആളുകൾ. ആദ്യ ആഴ്ചയിൽ ഏഴ് വിമാനങ്ങളാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി സർവീസ് നടത്തുക.
ആദ്യഘട്ടത്തിൽ 1961 ആളുകളെ ഇന്ത്യയിലെത്തിക്കും. ആദ്യ വിമാനമായ സാൻഫ്രാൻസിസ്കൊ-മുംബൈ വിമാനത്തിൽ 224 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ചികാഗോ, ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്ന് ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, അഹമദാബാദ്, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് മെയ് 15 നകം വിമാനങ്ങളുണ്ട്.
ന്യൂയോർക്കിൽ നിന്നാണ് കൂടുതൽ ആളുകൾ തിരച്ച് വരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 6600 ആളുകളാണ് ന്യൂയോർക്കിൽ നിന്ന് മടങ്ങുന്നത്. സാൻഫ്രാൻസിസ്കൊയിൽ നിന്ന് 5600, ചികാഗോയിൽ നിന്ന് 3500, ഹൂസ്റ്റണിൽ നിന്ന് 3300, അറ്റ്ലാൻറയിൽ നിന്ന് 2500, വാഷിങ്ടണിൽ നിന്ന് 2300 എന്നിങ്ങനെയാണ് മടങ്ങാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം.
മെയ് 15 നകം 1961 ആളുകളെ തിരിച്ചെത്തിക്കുന്ന ആദ്യഘട്ടത്തിലെ വിമാനങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിലെ വിമാനങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
6.6 ലക്ഷം ഗ്രീൻ കാർഡ് ഉടമകളടക്കം 10 ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. ഇതിൽ 2 ലക്ഷത്തിലധികം വിദ്യാർഥികളും 1.55 ലക്ഷത്തോളം തൊഴിൽ വിസക്കാരും ആണ്. ശേഷിക്കുന്നവർ ടൂറിസ്റ്റ് വിസയിലും ബിസിനസ് വിസയിലും അമേരിക്കയിലെത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.