വാഷിങ്ടൺ: ലൈംഗികാരോപണവും വംശവെറിയും നിറംകെടുത്തിയ യു.എസ് സെനറ്റ് ഉപതെരെഞ്ഞടുപ്പിൽ പ്രസിഡൻറ് ട്രംപിന് വൻ തിരിച്ചടിയായി ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് ജയം. കാൽനൂറ്റാണ്ടായി റിപ്പബ്ലിക്കൻ മേധാവിത്വം തുടരുന്ന അലബാമയിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി റോയ് മൂറിനെ വീഴ്ത്തി ഡെമോക്രാറ്റ് പ്രതിനിധി ഡഗ് ജോൺസ് ചരിത്രം കുറിച്ചത്. ഇതോടെ സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം രണ്ടായി ചുരുങ്ങി. 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 51ഉം ഡെമോക്രാറ്റുകൾക്ക് 49ഉം അംഗങ്ങളാണ് ഒടുവിലെ കക്ഷിനില.
കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിന് വൻ ഭൂരിപക്ഷം നൽകിയ സംസ്ഥാനമാണ് ഒരു വർഷം കഴിഞ്ഞ് മറുവശത്തേക്ക് ചാഞ്ഞത്. ഇന്നലെ ഡഗ് ജോൺസ് 49.9 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോൾ റോയ് മൂറിന് 48.4 ശതമാനം ലഭിച്ചു. വംശവെറി മുഖ്യ പ്രചാരണായുധമായ തെരഞ്ഞെടുപ്പിൽ ആഫ്രിക്കൻ വംശജരായ വോട്ടർമാരിൽ 99 ശതമാനവും ഡെമോക്രാറ്റ് സ്ഥാനാർഥിയെ തുണച്ചപ്പോൾ വെള്ളക്കാരിൽ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കൊപ്പം നിന്നു.
എന്നാൽ, എണ്ണത്തിൽ കുറവായിട്ടും കറുത്തവർഗക്കാരായ വോട്ടർമാർ കൂട്ടമായി വോട്ടു ചെയ്യാനെത്തിയത് ഡഗ് ജോൺസിന് വിജയമൊരുക്കി. ബാലപീഡനവിവാദത്തിൽ കുരുങ്ങിയതോടെ റിപ്പബ്ലിക്കൻ നേതാക്കൾ വിട്ടുനിന്നിട്ടും റോയ് മൂറിനു വേണ്ടി പ്രസിഡൻറ് ട്രംപ് ഒറ്റക്ക് രംഗത്തിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ പ്രോസിക്യൂട്ടറാണ് വിജയിച്ച ഡഗ് ജോൺസ്. രാജ്യത്തിന് ഒന്നായി നിലനിൽക്കാനാവുമെന്നാണ് വിജയം കുറിക്കുന്നതെന്ന് ജോൺസ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.