????????? ???????????

ബോസ്​നിയൻ കൂട്ടക്കൊല: റാഡ്​കോ മ്ലാദിച്ചിന്​ ജീവപര്യന്തം

ജനീവ: രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ നരഹത്യയായ ബോസ്​നിയൻ കൂട്ടക്കൊലക്ക്​ നേതൃത്വം നൽകിയ മുൻ ബോസ്​നിയൻ^സെർബ്​ കമാൻഡർ റാഡ്​​കോ മ്ലാദിച്ചിനെ (74) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. യുദ്ധക്കുറ്റങ്ങളും നരഹത്യയും ചുമത്തിയാണ്​ ഹേഗ്​ ആസ്​ഥാനമായുള്ള അന്താരാഷ്​ട്ര ട്രൈബ്യൂണൽ ശിക്ഷ വിധിച്ചത്​. കൂട്ടക്കൊല നടന്ന്​ 20 വർഷത്തിനുശേഷമാണ്​ വിധി.  ബോസ്​നിയയുടെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന മ്ലാദിച്ചിനെതിരെ രണ്ടു നരഹത്യകളുൾ​പ്പെടെ 11 കേസുകളാണ്​ ചുമത്തിയത്​. അതിൽ 10 എണ്ണത്തിൽ ശിക്ഷ ശരിവെക്കുകയായിരുന്നു.

ബോസ്​നിയൻ വംശഹത്യ, സരയാവോയിൽ സിവിലിയന്മാരെ ബന്ദിയാക്കൽ,െസ്രബ്രനീസ കൂട്ടക്കൊല എന്നിവക്ക്​ നേതൃത്വം നൽകിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ്​ ചുമത്തിയത്. ആരോഗ്യനില പരിഗണിച്ച്​ ശിക്ഷ ഇളവുചെയ്യണമെന്ന മ്ലാദിച്ചി​​െൻറ ആവശ്യം കോടതി തള്ളി. മ്ലാദിച്ച്​​ നിരപരാധിയാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ​ അഭിഭാഷകൻ അറിയിച്ചു.  വാദം കേൾക്കാൻ ഇരകളുടെ ബന്ധുക്കൾ കോടതിമുറിയിൽ തടിച്ചുകൂടിയിരുന്നു. വിജയസ്​മിതത്തോടെയാണ്​ കോടതിയിൽ മ്ലാദിച്ച്​​ വിചാരണക്കെത്തിയത്​. ഇരകളുടെ ബന്ധുക്കളെ പ്ര​േകാപിപ്പിക്കുമാറ്​ കാമറകൾക്കുനേരെ വിജയചിഹ്നവും ഉയർത്തിക്കാട്ടി.

സ്വകാര്യ ആവശ്യത്തിനായി കോടതിയോട്​ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന്​ നടപടികൾ അരമണിക്കൂറോളം തടസ്സപ്പെട്ടു. കക്ഷിയുടെ  ഉയർന്ന രക്​തസമ്മർദം കണക്കിലെടുത്ത്​ കോടതി നടപടികൾ നിർത്തിവെക്കണമെന്ന അഭിഭാഷക​​െൻറ വാദം കോടതി പരിഗണിച്ചില്ല. തുടർന്ന്​  മ്ലാദിച്ച്​  ജഡ്​ജിമാരോട്​ കയർത്തു. അതോടെ കോടതിയിൽനിന്ന്​ മാറ്റാൻ ജഡ്​ജിമാർ ഉത്തരവിടുകയായിരുന്നു. അതിനാൽ വിധി പ്രസ്​താവിക്കു​േമ്പാൾ മ്ലാദിച്ച്​ ​കോടതിയിലുണ്ടായിരുന്നില്ല. 

1992 മുതൽ 1996 വരെ ബോസ്​നിയൻ^സെർബ്​ സേനയിലെ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ആയിരുന്നു മ്ലാദിച്ച്​. യുദ്ധത്തിൽ ഒരു ലക്ഷത്തിൽപരം ആളുകളുടെ ജീവനാണ്​ പൊലിഞ്ഞത്​. തൊണ്ണൂറുകളിൽ നടന്ന കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന്​ തെളിഞ്ഞതിനെ തുടർന്ന്​  അന്താരാഷ്​ട്ര നീതിന്യായ കോടതി ഇയാളെ ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ചിരുന്നു. 1995ൽ യുദ്ധം അവസാനിച്ചശേഷം ഇദ്ദേഹം ഒളിവിൽ പോയി. പിന്നീട്​ 2011ൽ സെർബിയയിൽവെച്ച്​ അറസ്​റ്റിലായി.

ബോസ്​നിയൻ യുദ്ധക്കുറ്റങ്ങളിൽ സെർബ്​ നേതാവ്​ റദോവൻ കരാജിച്ചിനെ അന്താരാഷ്​ട്ര നീതിന്യായ കോടതി 40 വർഷത്തെ തടവിനു ​ശിക്ഷിച്ചിരുന്നു.  പഴയ യൂഗോസ്​ലാവ്യയില്‍നിന്നുണ്ടായ സ്വതന്ത്ര രാജ്യങ്ങളാണ് സെര്‍ബിയയും ബോസ്‌നിയ- ഹെർസഗോവിനയും. ആഭ്യന്തരയുദ്ധകാലത്ത് ഡച്ച് സൈനികരുടെ നേതൃത്വത്തിലുള്ള യു.എന്‍ സമാധാനസേനയുടെ കീഴിലുള്ള ഒരു അഭയാര്‍ഥി സങ്കേതമായിരുന്നു സ്രെബ്രനിസ. ആഭ്യന്തരയുദ്ധത്തി​​െൻറ അവസാനഘട്ടത്തില്‍ അവിടെ അഭയംതേടിയവരെ സെര്‍ബ് സേന വളഞ്ഞുപിടിച്ചു.

സ്ത്രീകളെയും പെണ്‍കുട്ടികളെയും വിട്ടയച്ചശേഷം 8000ത്തോളം പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയായിരുന്നു. ബോസ്​നിയൻ സ്​ത്രീകളെയും പെൺകുട്ടികളെയും കൂട്ടമായി ബലാത്സംഗം ചെയ്​തു, ബോസ്​നിയൻ ജയിലുകളിൽ തടവുകാരെ പട്ടിണിക്കിടുകയും കൊടിയ മർദനങ്ങൾക്കിരയാക്കുകയും ചെയ്​തു, ബോസ്​നിയയിലെ നിരവധി വീടുകളും പള്ളികളും ചു​െട്ടരിച്ചു എന്നീ  കേസുകളിലും മ്ലാദിച്ചിനെതിരെ കുറ്റം ചുമത്തി. 

Tags:    
News Summary - Bosnian Massacre: Ratko Mladic convicted to Life Sentence -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.