അലപ്പോയില്‍ കുട്ടികളുടെ ആശുപത്രിക്കുനേരെ ആക്രമണം

ഡമസ്കസ്: കിഴക്കന്‍ അലപ്പോയില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ വ്യോമാക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഇന്‍ ക്യുബേറ്ററില്‍ കഴിയുന്ന നവജാതശിശുക്കളുള്‍പ്പെടെ മുഴുവന്‍  രോഗികളെയും  കൂട്ടമായി ഒഴിപ്പിച്ചു. മേഖലയില്‍ കുട്ടികളുടെ ഏക ആശുപത്രിയാണിത്. രണ്ടരലക്ഷം ആളുകള്‍ താമസിക്കുന്ന കിഴക്കന്‍ അലപ്പോയില്‍ നാല് ആശുപത്രികളാണുള്ളത്. രണ്ടാം തവണയാണ് ഈ ആശുപത്രിക്കു നേരെ ആക്രമണം നടക്കുന്നത്. രാസായുധപ്രയോഗത്തില്‍ ആശുപത്രി ഇരുട്ടിലായതിന്‍െറ ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടു. തുടര്‍ന്ന് ടോര്‍ച്ചും മൊബൈലുമുപയോഗിച്ചാണ് ഡോക്ടര്‍മാരും നഴ്സുമാരും രോഗികളുമായി പുറത്തേക്കോടിയത്.

ഇന്‍ക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളെയുമായി ആംബുലന്‍സില്‍ രക്ഷപ്പെടുമ്പോഴും ആശുപത്രിക്കു നേരെ യുദ്ധവിമാനങ്ങളില്‍നിന്ന് ഷെല്ലുകള്‍ പതിക്കുന്നുണ്ടായിരുന്നു. ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ നശിപ്പിക്കാറില്ളെന്ന് പറഞ്ഞുകൊണ്ടുതന്നെ സര്‍ക്കാര്‍ സൈന്യം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോംബിട്ട് തകര്‍ക്കുന്നത് തുടരുകയാണ്. 2016ല്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കു നേരെ 126 തവണ ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ പറയുന്നു.

 അലപ്പോയില്‍ വ്യാഴാഴ്ച തുടങ്ങിയ ബോംബാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയില്‍ തുടര്‍ച്ചയായ നാലുദിവസമായി സൈന്യം ആക്രമണം തുടരുകയാണ്. വിമതരുടെ മേഖലയായ ഇദ്ലിബിലും ഹിംസ് പ്രവിശ്യയിലും റഷ്യയും വ്യോമാക്രമണം ശക്തമാക്കി. വ്യാഴാഴ്ച അലപ്പോയിലെ മറ്റൊരു ആശുപത്രിക്കു നേരെയും ആക്രമണം നടന്നു. മാസങ്ങള്‍ നീണ്ട ബോംബാക്രമണത്തിന് ശമനം കാണാതെയായപ്പോള്‍ കൂടുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഭൗമാന്തര്‍ ഭാഗത്തേക്ക് മാറ്റിയിരുന്നു.

വെള്ളിയാഴ്ച സൈന്യത്തിന്‍െറ ഷെല്ലാക്രമണത്തില്‍ 18 ഗ്രാമങ്ങള്‍ തകര്‍ന്നതായും കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ അറിയിച്ചു. വടക്കന്‍ സിറിയയില്‍ മാത്രം ഇതിനകം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു.

 

Tags:    
News Summary - aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.