സിറിയയില്‍ മൂന്നുമാസത്തിനകം ഭരണമാറ്റമെന്ന് കെറി

വിയന: സിറിയയില്‍ വീണ്ടും സമാധാന ചര്‍ച്ചക്ക് വഴിതുറന്ന് വിയനയില്‍ നടന്ന ഉച്ചകോടി സമാപിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, യു.എന്‍ പ്രത്യേക ദൂതന്‍ സ്റ്റഫാന്‍ മിസ്തൂറ തുടങ്ങി 17 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വിയന ഉച്ചകോടി വിജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചുവര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കൃത്യമായ ഫോര്‍മുലകളൊന്നും ഉരുത്തിരിഞ്ഞിട്ടില്ളെങ്കിലും മൂന്നുമാസത്തിനകം സിറിയയില്‍ ഭരണമാറ്റത്തിന് ധാരണയാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
രാജ്യത്തെ മുഴുവന്‍ കക്ഷികള്‍ക്കും പ്രതിനിധ്യം നല്‍കി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നിര്‍ദേശത്തിന് പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന് ജോണ്‍ കെറി പറഞ്ഞു. ഭരണമാറ്റത്തിനുള്ള സാധ്യതകളെ യാഥാര്‍ഥ്യമാക്കുക എന്ന വെല്ലുവിളി മാത്രമാണ് ഇനി മുന്നിലുള്ളത്. ആഗസ്റ്റ് ഒന്നിനു മുമ്പായി മുഴുവന്‍ കക്ഷികളുമായും ധാരണയിലത്തെും. ഇതിനായുള്ള പ്രവര്‍ത്തന പദ്ധതിക്ക് ഉടന്‍ രൂപംനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെറിയുടെ നിര്‍ദേശങ്ങള്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.  നിലവില്‍ ഇറാന്‍െറയും റഷ്യയുടെയും പിന്തുണയോടെ വിമത സൈനികര്‍ക്കെതിരെ അധികാരം നിലനിര്‍ത്താന്‍ പോരാട്ടം നടത്തുന്ന ബശ്ശാര്‍ വിയന ഉച്ചകോടിയെക്കുറിച്ച് മൗനം തുടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, യു.എന്‍ അധ്യക്ഷതയില്‍ ജനീവയില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.