രണ്ട് ലക്ഷത്തോളം വിവരങ്ങളടങ്ങിയ പാനമ രേഖകള്‍ ഓണ്‍ലൈനില്‍

വാഷിങ്ടണ്‍: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍. മൊസാക് ഫൊന്‍സേകയില്‍ നിന്നും വിവരങ്ങള്‍ പുറത്തു കൊണ്ട് വന്ന അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഐ.സി.ഐ.ജെ ആണ് രേഖകള്‍ ഇപ്പോള്‍ പുറത്ത് വിട്ടിത്. offshoreleaks.icij.org എന്ന വെബ്സൈറ്റിലൂടെ ആര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിക്കാം. അതേസമയം ഒന്നര കോടിയോളം വരുന്ന രേഖകളുടെ ചെറിയ ഭാഗം മാത്രമാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി, നടന്‍ ജാക്കിച്ചാന്‍ തുടങ്ങിയവരും ഇന്ത്യയില്‍ നിന്നുള്ള അമിതാബ് ബച്ചന്‍ , മരുമകള്‍ ഐശ്വര്യ റായ് എന്നിവരും ചില മലയാളികളും പാനമ രേഖകളില്‍ കുടുങ്ങിയിട്ടുണ്ട്. ടാക്സ് ഹെവന്‍സ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിര്‍ജിന്‍ , പാനമ, ബഹാമാസ് , സീ ഷെല്‍സ് , സമോവ തുടങ്ങി 20 ഓളം ചെറു രാജ്യങ്ങളില്‍ ഇല്ലാത്ത കമ്പനികള്‍ തുടങ്ങിയാണ് നികുതി വെട്ടിപ്പ് നടത്തിയത്.  ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ മെയില്‍ ഇടപാടുകള്‍ , ഫോണ്‍ നമ്പറുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. എഴുപതോളം രാഷ്ട്രങ്ങളിലെ 128 ഉന്നതരും നൂറുകണക്കിന് കോടീശ്വരന്‍മാരുമാണ് പാനമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന വിദേശ നിക്ഷേപം നടത്തിയത്.

താന്‍ ഒരു ചാരനല്ളെന്നും ഒരു സര്‍ക്കാരിനെയും സഹായിക്കാനല്ല താന്‍ പ്രവര്‍ത്തിച്ചതെന്നും കള്ളപ്പണ രേഖകള്‍ പുറത്തു വിട്ട ജോണ്‍ ഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക തുല്യത ഉറപ്പാക്കുകയാണ് തന്‍റെ  ലക്ഷ്യമെന്നും വിവിധ രാജ്യങ്ങളിലെ നികുതി സമ്പ്രദായത്തിലെ പോരായ്മകളാണ് ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് വഴിവച്ചതെന്നും ഡോ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.