എണ്ണനഗരം കാട്ടുതീ വിഴുങ്ങി; കാനഡ എണ്ണ ഉല്‍പാദനം നിര്‍ത്തി

ഓട്ടവ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത് എണ്ണ ശേഖരമുള്ള കൊച്ചുനഗരമായ ഫോര്‍ട് മക്മറെയെ കാട്ടുതീ വിഴുങ്ങിയതോടെ സമ്മര്‍ദത്തിലായത് അതിസമ്പന്ന രാജ്യമായ കാനഡയുടെ സമ്പദ്വ്യവസ്ഥ. ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ശതകോടികള്‍ നല്‍കേണ്ടിവന്നതിനു പുറമെയാണ് എണ്ണ ഉല്‍പാദനം നിര്‍ത്തിവെക്കുകവഴി വേറെയും കോടികളുടെ നഷ്ടം.
രാജ്യത്തെ മൊത്തം എണ്ണ ഉല്‍പാദനത്തിന്‍െറ നാലിലൊന്നും ദിവസങ്ങളായി നിര്‍ത്തിവെച്ച നിലയിലാണ്. ഒട്ടുമിക്ക എണ്ണക്കമ്പനികളുടെയും തൊഴിലാളികളെ നഗരത്തില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഗ്നിയില്‍പെട്ട് ഇതുവരെയും ജീവഹാനിയില്ളെങ്കിലും കൂട്ട ഒഴിപ്പിക്കലിനിടെ രണ്ടു പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നാല്‍ എണ്ണ ഉല്‍പാദനത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
നഗരത്തിലെ 88,000 താമസക്കാരെയും കഴിഞ്ഞ ദിവസം പുനരധിവസിപ്പിച്ചിട്ടുണ്ട്. മൊത്തം വീടുകളില്‍ 20 ശതമാനവും ഇതിനകം ചാരമായി. 1500 ഓളം കെട്ടിടങ്ങള്‍ നശിച്ചു. പുക മൂടിയ സമീപ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1,600 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലം ഇതിനകം തീ വിഴുങ്ങിയതായി അധികൃതര്‍ അറിയിച്ചു. മക്മറേ നഗരത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം തുടക്കമായ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഇനിയും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.  1970കളോടെ എണ്ണ ഖനനം ഊര്‍ജിതമായ നഗരത്തിലെ താമസക്കാരിലേറെയും വിദൂരങ്ങളില്‍നിന്നത്തെിയ സംരംഭകരോ തൊഴിലാളികളോ ആണ്. ഇവരെയാണ് കാട്ടുതീ വഴിയാധാരമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.