ദീര്‍ഘ സഞ്ചാരികള്‍ കുഞ്ഞന്‍ തുമ്പികള്‍

വാഷിങ്ടണ്‍: വീട്ടുമുറ്റത്ത് വട്ടമിട്ടുകറങ്ങുന്ന തുമ്പികളുടെ ആഗോള മേല്‍വിലാസം അറിഞ്ഞ് ശാസ്ത്രലോകം ഞെട്ടി. ഇത്തിരിക്കുഞ്ഞന്‍ തുമ്പികളാണ് ഷഡ്പദങ്ങളിലെ ദീര്‍ഘ സഞ്ചാരിയെന്നാണ് ന്യൂജേഴ്സിയിലെ റുട്ജേഴ്സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടത്തെിയത്. രാജശലഭത്തിനുണ്ടായിരുന്ന പദവിയാണ് തുമ്പികള്‍ കൈയടക്കിയത്. ഇന്ത്യയിലും ടെക്സസിലും കാനഡയിലും ജപ്പാനിലും കൊറിയയിലും സൗത് അമേരിക്കയിലുമുള്ള തുമ്പികളുടെ ജീനുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്കിടയില്‍ സാമ്യമുള്ളതായി കണ്ടത്തെി. ഇത് സംഭവിക്കുന്നത് വന്‍കരകള്‍ താണ്ടി തുമ്പികള്‍ നടത്തുന്ന ഇണചേരലിലൂടെയാണെന്നാണ് കണ്ടത്തെല്‍. ഇതാദ്യമായിട്ടാണ് ജീവികളുടെ സഞ്ചാരപഥം ജീനുകള്‍ പരിശോധിച്ച് വിലയിരുത്തുന്നത്.


ഒരേരാജ്യത്തെ തുമ്പികളാണ് ഇണചേരുന്നതെങ്കില്‍ ലോകത്തുടനീളമുള്ള തുമ്പികളുടെ ജീന്‍ പ്രൊഫൈലില്‍ വ്യത്യാസം കാണാമായിരുന്നു. ചിറകുകളുടെ പ്രതലവിസ്തീര്‍ണമാണ് ദീര്‍ഘസഞ്ചാരങ്ങളില്‍ തുമ്പിയെ തുണക്കുന്നത്. രാജശലഭങ്ങള്‍ 2500 മൈലുകളാണ് പറക്കുന്നതെങ്കില്‍ തുമ്പികള്‍ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ 4400 മൈല്‍ദൂരം സഞ്ചരിക്കുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ വരണ്ടകാലാവസ്ഥയത്തെുമ്പോള്‍ മുട്ടയിടാനായാണ് ഇവര്‍ ഈര്‍പ്പമുള്ള കാലാവസ്ഥ തേടി ആഫ്രിക്കയിലേക്ക് പറക്കുന്നത്. മുട്ടയിട്ട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുഞ്ഞുതുമ്പികള്‍ പറക്കമുറ്റവരാകുമ്പോള്‍ കൂട്ടത്തോടെ തിരിച്ചുപറക്കുന്നതായും പ്ളോസ് വണ്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.