ഫ്ലോറിഡ നിശാക്ലബിലെ വെടിവെപ്പ്: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ വെടിവെപ്പ് നടത്തിയതിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഐ.എസ് ഏറ്റെടുത്തു. വെടിവെപ്പ് നടത്തിയ 29കാരൻ ഉമര്‍ സിദ്ദീഖ് മതീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്ന് ഐ.എസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സംഭവത്തെ ശക്തമായ ഭാഷയിൽ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അപലപിച്ചു. ഭീകരതയുടെയും വിദ്വേഷത്തിന്‍റെയും ആക്രമണമാണ് ഒര്‍ലാന്‍ഡോയിൽ നടന്നതെന്ന് ഒബാമ പറഞ്ഞു. ഭീകരവാദം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കുകളുടെ ലഭ്യത കുറക്കേണ്ടതിന്‍റെ മറ്റൊരു ഒാർമപ്പെടുത്തൽ കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെപ്പ്. ഇനിയും നിഷ്ക്രിയരായി തുടരാൻ സാധിക്കുമോ എന്നും വാർത്താസമ്മേളനത്തിൽ ഒബാമ ചോദിച്ചു.

സ്വകാര്യ കമ്പനിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയായിരുന്ന ഉമര്‍ സിദ്ദീഖ് മതീന്‍ എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മതീനെ രണ്ടു വർഷം മുമ്പ് എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു. ന്യൂയോർക്കിൽ ജനിച്ച അഫ്ഗാനിസ്താൻ വംശജനായ ഇയാൾ 2009ൽ ഉസ്ബകിസ്താൻ വംശജ സിതോറ യൂസഫിനെ വിവാഹം കഴിച്ചു. മാനസിക രോഗിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു മാസങ്ങൾക്ക് ശേഷം മതീനുമായുള്ള ബന്ധം സിതോറ വേർപ്പെടുത്തി. 

നിശാക്ലബിൽ അതിക്രമിച്ച് കടന്ന മതീൻ നടത്തിയ വെടിവെപ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേറ്റു. ഒര്‍ലാന്‍ഡോ പ്രദേശത്തെ പള്‍സ് ക്ലബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ലബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.

ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ലബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.