ശാസ്ത്രലോകം ഗുരുത്വ തരംഗങ്ങൾ കണ്ടെത്തി

വാഷിങ്ടണ്‍: ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി. നക്ഷത്ര വിസ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്.  100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്‌കരിച്ച സിദ്ധാന്തത്തിന് ഇതോടെ സ്ഥിരീകരണമായിരിക്കുകയാണ്. 31 ഇന്ത്യക്കാരടക്കം ആയിരത്തോളം ഭൗതിക ശാസ്ത്രജ്ഞരുടെ വർഷങ്ങൾ നീണ്ട പരിശ്രമമാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് വ്യാഴാഴ്ച വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ട്് ഒരുക്കിയ ഭീമന്‍ പരീക്ഷണശാലയിലാണ് അന്വേഷണങ്ങള്‍ നടന്നത്. പ്രപഞ്ചത്തിന്‍റെ ഉൽപത്തിയെക്കുറിച്ചുള്ള നിഗൂഢതകൾ അനാവരണം ചെയ്യാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ആദ്യമായി പ്രവചിക്കുന്നതും ഈ സിദ്ധാന്തത്തിലായിരുന്നു. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.