വന്‍ശക്തി രാഷ്ട്രങ്ങള്‍ ആണവായുധങ്ങള്‍ വാരിക്കൂട്ടുന്നു; ആണവയുദ്ധ ഭീഷണിയില്‍ ലോകം

വാഷിങ്ടണ്‍: യു.എസ്, റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തി രാഷ്ട്രങ്ങള്‍ അപകടശേഷി ‘കുറഞ്ഞ’ ചെറിയ ആണവായുധങ്ങള്‍ വന്‍തോതില്‍ വാരിക്കൂട്ടുന്നത് ശീതയുദ്ധകാലത്തിനുശേഷം ആയുധമത്സരം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. മത്സരം രാജ്യങ്ങള്‍ക്കിടയിലെ സന്തുലിതത്വം തകര്‍ക്കുന്നത് ലോകം കാലങ്ങളായി ഭയപ്പെടുന്ന ആണവയുദ്ധത്തിലേക്ക് വഴിതുറന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്പത്തിക തളര്‍ച്ച നേരിടുന്ന റഷ്യയും അഭിവൃദ്ധിയുടെ പാതയിലുള്ള ചൈനയും അനിശ്ചിതത്വം നേരിടുന്ന യു.എസും ആയുധരംഗത്ത് മേധാവിത്വം ഉറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ ആയുധസംഭരണത്തിലേക്ക് തിരിയുന്നത്.


2010ല്‍ ആയുധനിയന്ത്രണ കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്ന് പിന്നോട്ടുപോയ റഷ്യന്‍ പ്രസിഡന്‍റാണ് ആയുധമത്സരത്തിന് കാരണമെന്ന് യു.എസ് കുറ്റപ്പെടുത്തുന്നു. യു.എസ് മേധാവിത്വത്തെ ചെറുക്കാനുള്ള ചൈനയുടെ ശ്രമങ്ങളാണ് മത്സരത്തിനു കാരണമെന്ന് വാദിക്കുന്നവരുമുണ്ട്.
അതല്ല, ആയുധ മേഖലയില്‍ സുരക്ഷയും വിശ്വാസ്യതയും പറഞ്ഞ് യു.എസ് നടപ്പാക്കിവരുന്ന പരിഷ്കാരങ്ങളാണ് ആണവായുധ വ്യാപനത്തിലത്തെിച്ചതെന്ന് പറയുന്നവരുമേറെ.


എന്നാല്‍, മത്സരം തുടങ്ങിവെച്ച യു.എസ് തന്നെ ഇപ്പോള്‍ ഭീതിയിലാണെന്ന് തെളിയിക്കുന്നതാണ് ഈയിടെ വാഷിങ്ടണില്‍ ചേര്‍ന്ന ആണവസുരക്ഷാ സമ്മേളനത്തെ അഭിസംബോധനചെയ്ത് യു.എസ് പ്രസിഡന്‍റ് ഒബാമ നടത്തിയ പ്രഭാഷണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 56 ആണവരാഷ്ട്രങ്ങളുടെ തലവന്മാരാണ് സമ്മേളനത്തില്‍ ഉണ്ടായിരുന്നത്. ആയുധമത്സരം ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമായ വഴികള്‍ തേടണമെന്ന് ഒബാമ പറഞ്ഞു. ഏഴു വര്‍ഷമായി യു.എസ് പ്രസിഡന്‍റ് പദത്തിലുള്ള വ്യക്തി ലോകം ആണവായുധ മുക്തമാക്കണമെന്നു പറയുന്നത്, ആണവായുധ വിപണിയുടെ കാര്‍മികത്വം തങ്ങള്‍തന്നെ വഹിക്കണമെന്ന യു.എസ് നയത്തിന്‍െറ പാളിച്ച അംഗീകരിക്കുന്നതിന് തുല്യമാണ്.


മൂന്നു പതിറ്റാണ്ടിനിടെ 66 ലക്ഷം കോടി രൂപയാണ് ആണവായുധ നവീകരണ പദ്ധതിക്ക് യു.എസ് ചെലവഴിച്ചത്. യു.എസ് വിനിയോഗിക്കുന്ന തുകയനുസരിച്ചാണ് പ്രതിയോഗികളായ റഷ്യയും ചൈനയും അവരുടെ ആണവായുധ ബജറ്റുകള്‍ തയാറാക്കുന്നതെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.