ഇംപീച്മെന്‍റ് പ്രമേയത്തിനെതിരെ ദില്‍മയുടെ ഹരജി സുപ്രീംകോടതി തള്ളി

ബ്രസീലിയ: ഇംപീച്മെന്‍റ് പ്രമേയത്തിനെതിരെ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസെഫ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഞായറാഴ്ച അധോസഭയില്‍ നടക്കാനിരിക്കുന്ന ഇംപീച്മെന്‍റ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നിര്‍ത്തിവെക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്.
പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിച്ച സാചര്യത്തില്‍ അവസാനശ്രമമെന്ന നിലയിലാണ് ദില്‍മ റൂസെഫ് സുപ്രീംകോടതിയെ സമീപിച്ചത്. ഇംപീച്മെന്‍റിനെതിരെ ദില്‍മ റൂസെഫിന്‍െറ പാര്‍ട്ടി നല്‍കിയ ഹരജിയും കോടതി തള്ളി. അഴിമതി ന്യായീകരിക്കാന്‍ ദില്‍മക്ക് അവസരം നല്‍കില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ രാജ്യത്തെ കൂടുതല്‍ അസ്ഥിരമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അധോസഭയിലെ വോട്ടെടുപ്പ് എതിരായാല്‍ സെനറ്റിന് ദില്‍മയെ കുറ്റവിചാരണ ചെയ്യാം. 13 വര്‍ഷം നീണ്ട വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് അതോടെ അന്ത്യമാവുക. അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ മാത്രമേ ഇംപീച്മെന്‍റ് നടപടികളുമായി മുന്നോട്ടുപോകാനാവൂ.
രാജ്യത്തെ സാമ്പത്തികരംഗം പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അഴിമതിയും ഇംപീച്മെന്‍റും ദില്‍മ റൂസെഫിനെയും സര്‍ക്കാറിനെയും പിടിച്ചുലക്കുന്നത്. ഇംപീച്മെന്‍റിന് പാര്‍ലമെന്‍ററി സമിതി ശിപാര്‍ശ ചെയ്തതിന് പിന്നാലെ സഖ്യകക്ഷികളും ദില്‍മക്കെതിരെ രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.