പാനമ സിറ്റി: 40 വര്‍ഷമായി കള്ളപ്പണ നിക്ഷേപരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മൊസക് ഫൊന്‍സേക. സ്വിസ് ബാങ്കിലടക്കം സ്വന്തം പേരിലാണ് പണം നിക്ഷേപിക്കുന്നത്. എന്നാല്‍, മൊസക് ഫൊന്‍സേക വന്‍കിടക്കാരില്‍നിന്ന് പണം സ്വീകരിച്ച് നികുതി ഇളവുകളുള്ള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിക്കും.  35 ശാഖകളാണ് കമ്പനിക്ക് ലോകത്തുള്ളത്. ആരുടെയും പേര് പുറത്തുവിടില്ളെന്ന് മാത്രമല്ല, ഇന്നാടുകളില്‍ നികുതി തീരേയില്ല. പണം നിക്ഷേപിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍മാരോ ഓഹരിയുടമകളോ മൊസക് ഫൊന്‍സേകയുടെ എക്സിക്യൂട്ടിവുകള്‍ തന്നെയായിരിക്കും. ചില ബാങ്കുകള്‍തന്നെ ഡയറക്ടര്‍മാരെ തരപ്പെടുത്തി കൊടുക്കുമെന്ന പ്രത്യേകതയും കള്ളപ്പണക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

 മൊസക് ഫൊന്‍സേകയടക്കമുള്ള ഇടനിലക്കാര്‍ക്ക് കൈകാര്യത്തുകയായി പണം നല്‍കണം. ഫീസ് തുച്ഛം, ഗുണം മെച്ചം എന്നതാണ് ഇത്തരം ഏജന്‍റുമാരുടെ സവിശേഷത. 50,000 ഓഹരിക്ക് 350ഡോളര്‍ (ഏകദേശം 23,000 രൂപ) മാത്രമാണ് ഫീസ്.  മറ്റെല്ലാ ഫീസുമടക്കം രണ്ടു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ കൊടുത്താല്‍ രണ്ടു ദിവസംകൊണ്ട് ഒരു കമ്പനിയുണ്ടാക്കി കോടികള്‍ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഇതാണ് ലോകനേതാക്കളും വ്യവസായികളും താരങ്ങളും ഉപയോഗപ്പെടുത്തിയത്. നിക്ഷേപകര്‍ക്ക് ഒരു വിദേശ മേല്‍വിലാസവും പ്രത്യേക ഇ-മെയില്‍ വിലാസവും നല്‍കും.  നിക്ഷേപകരുടെ പാസ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കണം. പാസ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ച് അന്വേഷണം നടത്തും. പാനമ, സീഷല്‍സ്, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ബഹാമസ് തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങളിലായി 24,000ത്തോളം തട്ടിക്കൂട്ട് കമ്പനികളിലായാണ് പണം നിക്ഷേപിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.