ഗസ്സ: ദിവസങ്ങൾ നീണ്ട ഉപരോധത്തിനും ആക്രമണത്തിനുമൊടുവിൽ ഗസ്സയിലെ അൽ ശിഫ ആശുപത്രി പൂർണമായി ഒഴിപ്പിച്ച് ഇസ്രായേൽ സേന. 650ഓളം രോഗികളടക്കം ഏഴായിരത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അതിനിടെ, യു.എൻ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് സമീപത്തെ അൽ ഫാഖൂറ സ്കൂളിനുനേരെ ശനിയാഴ്ച രാവിലെ നടന്ന വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. രണ്ടാം തവണയാണ് സ്കൂളിൽ ആക്രമണം നടക്കുന്നത്.
കിടപ്പുരോഗികളെ ഉൾപ്പെടെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ഒരു മണിക്കൂറിനകം ഒഴിയാൻ ശനിയാഴ്ച രാവിലെ ആവശ്യപ്പെടുകയായിരുന്നുവെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂസാൽമിയ പറഞ്ഞു. ഗുരുതര നിലയിലുള്ളവരെ കട്ടിൽ ഉൾപ്പെടെയും നടക്കാനാകാത്തവരെ വീൽചെയറിലുമാണ് പുറത്തിറക്കിവിട്ടത്. കുറേ പേർ മറ്റ് ആശുപത്രികളിൽ അഭയംതേടിയെങ്കിലും മറ്റുള്ളവർ തെക്കൻ ഗസ്സ ലക്ഷ്യമാക്കി നീങ്ങി. ഒഴിഞ്ഞുപോകുന്നതിനിടെ വനിതകളെ തുണിയുരിഞ്ഞ് ദേഹപരിശോധനക്ക് വിധേയരാക്കിയതായും റിപ്പോർട്ടുണ്ട്. ആശുപത്രിയുടെ നിയന്ത്രണം സൈനികരുടെ കൈയിലാണ്.
എന്നാൽ, ആശുപത്രി ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താൽപര്യമുള്ളവർക്ക് പോകാൻ സുരക്ഷിതപാതയൊരുക്കുകയായിരുന്നുവെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം. എന്നാൽ ഇക്കാര്യം ആശുപത്രി ഡയറക്ടർ തള്ളി. ഗസ്സയിൽ തടസ്സപ്പെട്ട ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.