തെഹ്റാൻ: ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ടുളള അമേരിക്കൻ നാവിക ഉപരോധം പരാജയപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. 'ദേശീയ പേർഷ്യൻ ഗൾഫ് ദിന'ത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പെസെഷ്കിയൻ കുറ്റപ്പെടുത്തി. ഉപരോധം കൊണ്ട് ഇറാനെ തളർത്താമെന്നത് വാഷിങ്ടണിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് ഇറാന്റെ ദേശീയ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഗൾഫ് മേഖലയിലെ സുരക്ഷ വിദേശ ശക്തികളുടെ സാന്നിധ്യത്തിലൂടെയല്ല മറിച്ച് ഈ മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ സഹകരണത്തിലൂടെയാണ് ഉറപ്പാക്കേണ്ടതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ഏപ്രിൽ 13-നാണ് അമേരിക്ക ഇറാനെതിരെ ശക്തമായ നാവിക ഉപരോധം ആരംഭിച്ചത്. ഉപരോധം കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടുണ്ട്. ബാരലിന് 120 ഡോളറിന് മുകളിലാണ് നിലവിൽ എണ്ണവില. ഏകദേശം 6.9 കോടി ബാരൽ എണ്ണയുമായി പോയ 41-ഓളം ടാങ്കറുകൾ യു.എസ്. സൈന്യം വഴിതിരിച്ചുവിടുകയോ തടയുകയോ ചെയ്തിട്ടുണ്ട്. എതാണ്ട് 600 കോടി ഡോളറിന്റെ എണ്ണയാണ് ഇത്തരത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്നത്.
നിലവിലെ സംഘർഷങ്ങൾ അവസാനിക്കണമെങ്കിൽ അമേരിക്ക ഈ ഉപരോധം പിൻവലിക്കണമെന്നാണ് ഇറാന്റെ പ്രധാന നിബന്ധന. ഉപരോധം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.