നാട്ടിലേക്ക് മടങ്ങാൻ ഭയമുണ്ടോ? എങ്കിൽ അമേരിക്കൻ വിസയില്ല; നിയമങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം പുതിയ വിസ ചട്ടം പുറത്തിറക്കി. ടൂറിസ്റ്റ്, സ്റ്റുഡന്റ്, ബിസിനസ് വിസകൾ ഉൾപ്പെടെയുള്ള നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ ഭയമില്ലെന്ന് ഇനി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തണം. നോൺ-ഇമിഗ്രന്റ് വിസകൾ എടുത്ത് അമേരിക്കയിലെത്തിയ ശേഷം രാഷ്ട്രീയ അഭയം തേടുന്ന രീതി തടയുക എന്നതാണ് ഈ കർശന നീക്കത്തിന് പിന്നിലെ ലക്ഷ്യം.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ നിർദേശപ്രകാരം വിസ ഇന്റർവ്യൂ വേളയിൽ കോൺസുലർ ഉദ്യോഗസ്ഥർ രണ്ട് പ്രധാന ചോദ്യങ്ങൾ അപേക്ഷകരോട് നേരിട്ട് ചോദിക്കും. നിങ്ങളുടെ മാതൃരാജ്യത്തോ നിലവിൽ താമസിക്കുന്ന സ്ഥലത്തോ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ മോശം പെരുമാറ്റമോ നേരിട്ടിട്ടുണ്ടോ എന്നും, മാതൃരാജ്യത്തേക്ക് മടങ്ങുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഭയമുണ്ടോ എന്നുമാണ് ചോദിക്കുക.

ഈ രണ്ട് ചോദ്യങ്ങൾക്കും അപേക്ഷകർ വാക്കാൽ 'ഇല്ല' എന്ന് വ്യക്തമായി മറുപടി നൽകണം. എങ്കിൽ മാത്രമേ വിസ നടപടികളുമായി മുന്നോട്ട് പോകുകയുള്ളൂ. ആരെങ്കിലും 'ഉണ്ട്' എന്നാണ് ഉത്തരം നൽകുന്നതെങ്കിൽ അവരുടെ വിസ അപേക്ഷ ഉടൻ നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യം മാത്രമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ഒരാൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഭയപ്പെടുന്നുണ്ടെങ്കിൽ, അയാൾ താൽക്കാലിക സന്ദർശനത്തിനല്ല മറിച്ച് അമേരിക്കയിൽ സ്ഥിരമായി തങ്ങാനാണ് വരുന്നത് എന്ന് കരുതേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ദേശീയ സുരക്ഷയുടെ ആദ്യ പ്രതിരോധ നിരയാണ് കോൺസുലർ ഉദ്യോഗസ്ഥരെന്നും വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

നേരത്തെ, ജനുവരിയിൽ 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ നടപടികൾ അമേരിക്ക നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോൺ-ഇമിഗ്രന്റ് വിസകൾക്കും പുതിയ നിയന്ത്രണം വരുന്നത്. എന്നാൽ പുതിയ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്വന്തം നാട്ടിൽ ജീവന് ഭീഷണി നേരിടുന്ന യഥാർത്ഥ അഭയാർത്ഥികളെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് ഇത് തള്ളിവിടുമെന്ന് കുടിയേറ്റ നയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിസ ലഭിക്കാനായി അപേക്ഷകർ സത്യം മറച്ചുവെക്കാൻ നിർബന്ധിതരാകുമെന്നും, നിയമപരമായ വഴികൾ അടയുന്നതോടെ ആളുകൾ അനധികൃത മാർഗ്ഗങ്ങൾ തേടാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കൻ വിസക്ക് അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെയും വിനോദസഞ്ചാരികളെയും ഈ പുതിയ ചട്ടം നേരിട്ട് ബാധിക്കും.  

Tags:    
News Summary - Trump administration has issued a new visa rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.