ഘാനയില്‍ ഗാന്ധിപ്രതിമയെ ചൊല്ലി വിവാദം

അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ഗാന്ധിജിയുടെ പ്രതിമയെച്ചൊല്ലി രൂക്ഷവിവാദം. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ഘാന സര്‍വകലാശാലയിലാണ് ഗാന്ധിയുടെ പ്രതിമ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തത്തെിയത്. കഴിഞ്ഞ ജൂണില്‍  സന്ദര്‍ശനത്തിനത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സര്‍വകലാശാല അങ്കണത്തില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, തൊട്ടുപിന്നാലെ ഗാന്ധി വംശീയവാദിയായിരുന്നുവെന്നും അദ്ദേഹത്തിന്‍െറ പ്രതിമ കാമ്പസില്‍നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രമുഖ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങി. ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെക്കാള്‍ വളരെ മുകളിലാണെന്ന് വാദിച്ചെന്നും തന്‍െറ എഴുത്തുകളില്‍ ഗാന്ധി കാഫിര്‍ എന്ന്  കറുത്തവരെ ആക്ഷേപിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്രതിമ നീക്കം ചെയ്യണമെങ്കില്‍ സര്‍വകലാശാലയിലെ 800 പേരുടെ പിന്തുണവേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഒപ്പുശേഖരണം നടത്തി. ഇതില്‍ 1667 പേര്‍ ഒപ്പുവെച്ചതോടെ, ആവശ്യം പരിഗണിക്കാമെന്ന് സര്‍വകലാശാല കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്.

അതേസമയം, പ്രതിമ നീക്കം ചെയ്യുന്നത് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് രാജ്യത്തെ നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍, ഇത് ഇന്ത്യയും ഘാനയും തമ്മിലെ വിഷയമായല്ല കാണേണ്ടതെന്ന് പറഞ്ഞ ഒരു വിദ്യാര്‍ഥി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയറുടെ പ്രതിമ ഇന്ത്യക്ക് സമ്മാനമായി നല്‍കിയാല്‍ എങ്ങനെയിരിക്കുമെന്നും ചോദിക്കുന്നു. സര്‍വകലാശാലയുമായി ആലോചിച്ച് വിഷയം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഘാനയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് കുമാര്‍ ഗുപ്ത പറഞ്ഞു.

 

Tags:    
News Summary - gandhi statue at ghana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.