സോമാലിയയില്‍ പ്രസിഡന്‍റാകാന്‍ അഭയാര്‍ഥി വനിതയും

മൊഗാദിശു: ഒക്ടോബറില്‍  തെരഞ്ഞെടുപ്പ് നടക്കുകയാണ് സോമാലിയയില്‍. അഭയാര്‍ഥി വനിതയും തെരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ മുഖ്യ ആകര്‍ഷണം.

സോമാലിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്ത് മകളുടെ സുരക്ഷയായിരുന്നു മാതാപിതാക്കള്‍ക്ക് പ്രധാനം. വിദ്യാസമ്പന്നയല്ലാത്ത, നിര്‍ധനയായ ഫദുമോ ദായിബ് എന്ന 18കാരി അഭയം തേടിയത്തെിയത് വടക്കന്‍ യൂറോപ്പിലേക്കായിരുന്നു. അവിടത്തെ ജീവിതമാണ് അവരെ ലോകമറിയുന്ന ആക്ടിവിസ്റ്റും പൊതു ആരോഗ്യപ്രവര്‍ത്തകയുമാക്കിയത്. പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ദായിബ് അഭയാര്‍ഥികളുടെ പുനരധിവാസത്തിനായും അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. സോമാലിയയെ അഴിമതിയില്‍നിന്നും കൊലപാതകങ്ങളില്‍നിന്നും  മോചിപ്പിച്ച് അഭിവൃദ്ധിയിലേക്കും സുസ്ഥിരതയിലേക്കും നയിക്കുക എന്നതാണ്  അവരുടെ ലക്ഷ്യം. 1990 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു ദായിബ്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തെരഞ്ഞെടുക്കുന്ന 14,000  പ്രതിനിധികളുടെ ദ്വിസഭാ നാഷനല്‍ അസംബ്ളിയാണ് സോമാലിയയുടെ അടുത്ത പ്രസിഡന്‍റിനെ നിശ്ചയിക്കുക.

2020ഓടെ സാര്‍വത്രിക വോട്ടവകാശം പ്രാബല്യത്തിലാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.  പ്രസിഡന്‍റ് സ്ഥാനത്തേക്ക് 18 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏക വനിതാ സ്ഥാനാര്‍ഥിയും 44 കാരിയായ ദായിബ് തന്നെ.
 ‘മത്സരിക്കാന്‍ ഏറ്റവും യോഗ്യരായവര്‍ തോല്‍ക്കുന്നതാണ് ഇവിടത്തെ ചരിത്രം. നിങ്ങള്‍ അഴിമതി നടത്തിയിട്ടില്ളെങ്കില്‍ ഒരിക്കലും ഭരണചക്രം തിരിക്കാന്‍ അര്‍ഹരല്ല എന്നാണ് കരുതേണ്ടത്. ആരില്‍നിന്നും ഒരു തുട്ടുപോലും അനര്‍ഹമായി കൈപ്പറ്റിയിട്ടില്ല ഞാന്‍. അതുകൊണ്ട് വിജയപ്രതീക്ഷയുമില്ല’ -ദായിബ് മനസ്സു തുറന്നു.

സോമാലി ദമ്പതികളുടെ മകളായി കെനിയയിലായിരുന്നു ദായിബിന്‍െറ ജനനം. അവരുടെ 12ാമത്തെ മകളായിരുന്നു ദായിബ്. 11 മക്കളും പിറന്നയുടനെ മരിച്ചു. 1989ല്‍ കെനിയയില്‍നിന്ന് നാടുകടത്തപ്പെട്ടതോടെയാണ് ഈ കുടുംബം മൊഗാദിശുവിലത്തെിയത്. സിയാദ് ബാരെയുടെ ഭരണത്തിന്‍െറ അന്ത്യകാലത്തായിരുന്നു അത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്ത് അഴിമതി തുടച്ചുനീക്കുമെന്നാണ് ഇവരുടെ വാഗ്ദാനങ്ങളില്‍ ഒന്നാമത്തേത്. ആയുധം താഴെവെക്കാന്‍ തയാറാവുന്നപക്ഷം അശ്ശബാബുമായി ചര്‍ച്ച നടത്തും. ദിനംപ്രതി ലഭിക്കുന്ന വധഭീഷണികള്‍ ബഹുമതിയായാണ് ഈ വനിത കണക്കാക്കുന്നത്. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഇവിടെ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നതിന്‍െറ സൂചനയാണ് ഈ ഭീഷണികള്‍’ -ദായിബിന്‍െറ ഉറച്ച വാക്കുകള്‍.  

തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ ദായിബിന്‍െറ സജീവസാന്നിധ്യം സോമാലിയന്‍ വനിതകള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 2020ഓടെ രാജ്യത്ത് ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് സംജാതമായാല്‍ വിജയിക്കുമെന്നാണ് ദായിബിന്‍െറ പ്രതീക്ഷ. ദശകങ്ങള്‍ നീണ്ട കലാപത്തിനുശേഷം 2012ലാണ് സോമാലിയയില്‍ പുതിയ രാഷ്ട്രീയ വ്യവസ്ഥിതി സംജാതമായത്. എന്നാല്‍, അശ്ശബാബ് തീവ്രവാദികളുടെ ആക്രമണത്തില്‍ രാജ്യം വീണ്ടും ശിഥിലമായി.
രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നതും കൊടുംദാരിദ്ര്യവും രാജ്യത്തെ പിന്നാക്കം നയിക്കുകയാണ്.

തീവ്രവാദ ആക്രമണങ്ങള്‍ തടയാന്‍ രാജ്യം സജ്ജമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  തലസ്ഥാനനഗരിയായ മൊഗാദിശുവില്‍ അശ്ശബാബ് തീവ്രവാദികള്‍ സജീവമാണ് . തെരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്തുമെന്നതിന്‍െറ സൂചനയാണ് അടുത്തിടെ നടന്ന ആക്രമണങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.