ഫലസ്തീനികളുടെ യാത്രാനുമതി റദ്ദാക്കി; ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങള്‍

ജറൂസലം: ഫലസ്തീന്‍ ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്‍െറ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കുന്ന നടപടികളില്‍നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്ന് അറബ് രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
റമദാന്‍ പ്രമാണിച്ച് 83,000 ഫലസ്തീന്‍ പൗരന്മാര്‍ക്ക് മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാനുമതി റദ്ദാക്കുകയും പ്രതികാര നടപടികള്‍ ശക്തമാക്കുകയും ചെയ്ത ഇസ്രായേല്‍ നീക്കമാണ്  അറബ് ലോകത്തിന്‍െറ വിമര്‍ശത്തിന് ഇടയാക്കിയത്.

ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതോടെ ഫലസ്തീന്‍ ജനതക്കെതിരെ ക്രൂരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് ഇസ്രായേല്‍ ഭരണകൂടത്തിന്‍െറ നീക്കം.

ഫലസ്തീന്‍വിരുദ്ധ നടപടികളെ പൂര്‍ണമായും ന്യായീകരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. എന്നാല്‍, യാത്രാ പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കാനാവില്ളെന്ന് അറബ് ലീഗ് നേതൃത്വം വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും മറ്റും വിഷയം ചര്‍ച്ചചെയ്ത്  അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് അറബ് ലീഗ് നേതൃത്വം. രണ്ടുപേരുടെ പ്രവൃത്തിയുടെ പേരില്‍ ജനങ്ങളെ ശിക്ഷിക്കുന്ന ഇസ്രായേല്‍ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് പാതയൊരുക്കുമെന്നും അറബ്രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. റമദാനില്‍ മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥന നിര്‍വഹിക്കാനും ഇസ്രായേലിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനും നല്‍കിയ താല്‍ക്കാലിക പെര്‍മിറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ 2015 ഒക്ടോബര്‍ മുതല്‍ ഇതുവരെ 207 ഫലസ്തീനികളും 32 ഇസ്രായേലികളും കൊല്ലപ്പെട്ടു.  
പുതിയ സംഭവവികാസങ്ങള്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാക്കുമെന്ന ആശങ്കയും വ്യാപകമാണ്. യാത്രാവിലക്കിനെതിരെ യു.എന്നും രംഗത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.