പ്രതിക്ക് പ്രായം നാല്; കുറ്റം നാലു കൊലപാതകങ്ങള്‍, ശിക്ഷ ജീവപര്യന്തം തടവ്

കൈറോ: ഈജിപ്തിലെ കോടതി മുഖംനോക്കാതെ മാത്രമല്ല, പ്രായം നോക്കാതെയും ശിക്ഷിക്കും. കോടതിയുടെ ഗുരുതരമായ പിഴവുമൂലം നാലു വയസ്സുകാരന് ജീവപര്യന്തമാണ് ലഭിച്ചത്. ഒരു വയസ്സായിരിക്കെ നാലു കൊലപാതകങ്ങള്‍ ഈ കുരുന്ന് ചെയ്തുവത്രെ. കുറ്റം അതുമാത്രമല്ല, എട്ടു വധശ്രമങ്ങള്‍, പൊതുസ്വത്ത് നശിപ്പിക്കല്‍, സമാധാനാന്തരീക്ഷം തകര്‍ക്കല്‍, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍ എന്നിവയും അവന്‍ ചെയ്ത കുറ്റങ്ങളാണ്. അഹ്മദ് മന്‍സൂര്‍ കര്‍നി എന്ന കുട്ടിയെയാണ് കൈറോ കോടതിയും പൊലീസും ചേര്‍ന്ന് കൊടും കുറ്റവാളിയാക്കി ജയിലിലടച്ചത്. കഴിഞ്ഞയാഴ്ചയാണ് കര്‍നിയെ കോടതി ശിക്ഷവിധിച്ചത്. 2014ല്‍ ഫായം പ്രവിശ്യയില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവനുഭവിക്കുന്ന 115 പേരുടെ കൂടെയാണ് കര്‍നിയെയും തടവില്‍ പാര്‍പ്പിച്ചത്. കുറ്റവാളികളുടെ പേരിന്‍െറ ലിസ്റ്റില്‍ അബദ്ധത്തില്‍ കര്‍നിയുടെ പേര് ചേര്‍ക്കുകയായിരുന്നു.

 2012ല്‍ ജനിച്ച കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ജഡ്ജിയുടെ മുന്നില്‍ കോടതിവൃത്തങ്ങള്‍ ഹാജരാക്കിയില്ളെന്ന് അഭിഭാഷകനായ ഫൈസല്‍ അല്‍സെയ്ദ് പറഞ്ഞു.  കുട്ടിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷവിധിച്ചത്. ജഡ്ജി കേസ് പൂര്‍ണമായും വായിച്ചുനോക്കിയിട്ടുപോലുമില്ളെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍, കുട്ടിയെ അല്ല, കുട്ടിയുടെ അമ്മാവനെയാണ് തടവിന് ശിക്ഷിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍െറ വക്താവ് അബൂ ബക്കര്‍ അബ്ദുല്‍ കരീം പറഞ്ഞു. കുട്ടിയുടെയും അമ്മാവന്‍െറയും പേരുകള്‍ തമ്മില്‍ മാറിപ്പോവുകയായിരുന്നുവെന്നും അമ്മാവനായ അഹ്മദ് കര്‍നി അലി ഷറാറ നാലു കേസുകളില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയാണെന്നും ഫായം സുരക്ഷാവിഭാഗം തലവന്‍ നാസര്‍ അല്‍ അബ്ദ് പറഞ്ഞു. സംഭവം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.