കസ്റ്റഡി മരണം; ഈജിപ്തിൽ ഒമ്പത് പൊലീസുകാര്‍ അറസ്റ്റില്‍


കൈറോ: പൊലീസ് കസ്റ്റഡിയില്‍ 47കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ നാല് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ഒമ്പത് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഈജിപ്തിലെ അല്‍അക്സറില്‍ കഴിഞ്ഞമാസം 26നാണ് യുവാവ് കൊല്ലപ്പെട്ടത്. പൊലീസ് മര്‍ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെറ്റുചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ താക്കീതിനു പിന്നാലെയാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് രണ്ടു സംഘം അന്വേഷണം നടത്തിയിരുന്നു. യുവാവിന്‍െറ കഴുത്തിലും പിന്‍ഭാഗത്തും മാരകമായ അടിയേറ്റിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മര്‍ദിച്ചതിനും മര്‍ദനം തടയാതിരുന്നതിനുമാണ് ഒമ്പതു പേരെ അറസ്റ്റ് ചെയ്തത്. അല്‍അക്സറിലെ കഫേയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവ് ഒരുമണിക്കൂറിനുള്ളില്‍ കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞമാസം മറ്റൊരു യുവാവ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയിലെടുക്കുന്നവരെ ഈജിപ്ത് പൊലീസ് പീഡിപ്പിക്കുകയാണെന്ന് നേരത്തേമുതല്‍ ആരോപണമുണ്ടായിരുന്നു. 2011ല്‍ മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാന്‍ പ്രധാന കാരണം യുവാവിന്‍െറ കസ്റ്റഡി മരണമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.