യു.എസിലെ കൈക്കൂലിക്കേസ്: കുറ്റപത്രം പിൻവലിക്കാൻ അദാനി ഗ്രൂപ് ട്രംപ് ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്

വാഷിംങ്ടൺ: യു.എസിൽ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ തള്ളിക്കളയുന്നതിനായി അദാനി ഗ്രൂപ്പ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി കരാറുകൾക്കായി 26.5 കോടി ഡോളർ കൈക്കൂലി നൽകിയതായി ആരോപിക്കപ്പെട്ട ‘അദാനി ഗ്രീൻ എനർജി ലിമിറ്റഡ്’ സ്ഥാപകൻ ഗൗതം അദാനിക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള യു.എസ് കുറ്റപത്രം സംബന്ധിച്ചാണ് വഴിവിട്ട നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്ന ഇന്ത്യൻ ശതകോടീശ്വരൻ ഈ വർഷം ആദ്യം മുതൽ ഇതിനായി കരുക്കൾ നീക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യു.എസ് അറ്റോർണി ഓഫിസുമായും നീതിന്യായ വകുപ്പുമായും മാർച്ചിൽ ഒരു കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി വെളിപ്പെടുത്തി. ‘ഈ വർഷം ആദ്യം ആരംഭിച്ച ചർച്ചകൾ കഴിഞ്ഞ ആഴ്ചകളിൽ കൂടുതൽ ശക്തമായി. വരും മാസങ്ങളിൽ ഇത് ഒരു പരിഹാരത്തിലേക്ക് എത്തിച്ചേക്കാം’-ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ബ്ലൂംബെർഗ് ഇതു സംബന്ധിച്ച് പ്രതികരണം തേടിയെങ്കിലും അദാനി ഗ്രൂപ്പ് മറുപടി നൽകിയില്ല.

കഴിഞ്ഞ വർഷം നവംബറിൽ യു.എസ് നീതിന്യായ വകുപ്പ് ഗൗതം അദാനിയും അനന്തരവനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാഗർ അദാനിയും മാനേജിങ് ഡയറക്ടർ വിനീത് എസ്. ജെയ്‌നും കരാറുകൾ ഉറപ്പാക്കാൻ കൈക്കൂലി നൽകിയതായും ഫണ്ട് സമാഹരണ സമയത്ത് യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ചു.

‘അദാനി ഗ്രീൻ’ ആരോപണം നിഷേധിക്കുകയും അടിസ്ഥാനരഹിതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ബന്ധപ്പെട്ട ‘ക്രമവിരുദ്ധത’ വിലയിരുത്തുന്നതിനും ‘ഭരണത്തിന്റെ നല്ല തത്വങ്ങൾ’ ഉയർത്തിപ്പിടിക്കുന്നതിനും ഒരു ‘സ്വതന്ത്ര അവലോകനം’ നടത്താൻ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തന്നെ നിയമ സ്ഥാപനങ്ങളെ നിയമിച്ചു. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങളോ ക്രമക്കേടുകളോ കണ്ടെത്തിയിട്ടില്ല എന്നാണ് അദാനി ഗ്രൂപ് വാർത്താ കുറിപ്പിൽ അറിയിച്ചത്.

അതേസമയം, ക്രിമിനൽ കുറ്റപത്രത്തിൽ ഡയറക്ടർമാർക്കെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രം ഉണ്ടായിരുന്നിട്ടും അദാനി ഗ്രീൻ എം.ഡി ജെയിനിന് 5 വർഷത്തെ കാലാവധി കൂടി നൽകുകയുണ്ടായി.

Tags:    
News Summary - Adani Group lobbies Trump administration to drop bribery charges: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.