ജനീവ: തുല്യതയില്ലാത്ത ഇസ്രായേൽ നരനായാട്ട് തുടങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോൾ ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറുന്നു. ഗസ്സയിൽ പ്രതിദിനം 160 കുട്ടികൾ കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അംഗഭംഗം വന്ന കുട്ടികൾ ആയിരക്കണക്കിനാണ്. 16 ആരോഗ്യ പ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ ജനീവയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 89 യു.എൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
ഇന്ധനം ഇല്ലാത്തതു കാരണം ഗസ്സയിലെ 14 ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. ചില ആശുപത്രികൾ പൂർണമായും തകർക്കപ്പെട്ടിരിക്കുകയാണ്. ഒരു ദിവസം ഏകദേശം 500 ട്രക്കുകൾക്ക് സുരക്ഷിതമായി ഗസ്സയിൽ പ്രവേശനം അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും തോത് കണക്കാക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംഘർഷത്തിന്റെ തുടക്കം മുതൽ ബുധനാഴ്ച രാവിലെ വരെ മരണസംഖ്യ 10,328 ആണ്, 24,408 പേർക്ക് പരിക്കേറ്റു. മൊത്തം മരണങ്ങളിൽ 67 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്, 1,350 കുട്ടികൾ ഉൾപ്പെടെ 2,450 പേരെ കാണാതായതായും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ബന്ദികളാക്കിയവരിൽ മുപ്പതോളം പേർ കുട്ടികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.