ഐ.എസ് രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചതായി ട്രംപ്

വാഷിങ്ടൺ: ഐ.എസിന്റെ നേതാക്കൻമാരിൽ രണ്ടാമനായ അബു ബിലാൽ അൽ മിനൂക്കിയെ നൈജീരിയയിൽ വെച്ച് വധിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്-നൈജീരിയൻ സേനകളുടെ സംയുക്ത ആക്രമണത്തിലാണ് അൽ മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം.

അൽ മിനൂക്കി ഇനി ആഫ്രിക്കയിലെ ജനങ്ങളെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ഇല്ലെന്ന് ട്രംപ് പറഞ്ഞു. കൂടാതെ സംയുക്ത ഓപറേഷനിൽ പ​ങ്കെടുത്ത നൈജീരിയൻ സർക്കാറിന് നന്ദി അറിയിക്കുകയും ചെയ്തു.

‘ഇന്ന് രാത്രി എന്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കി. ആഗോളതലത്തിൽ ഐ.എസിന്റെ രണ്ടാം സ്ഥാനക്കാരനായ അബു ബിലാൽ അൽ മിനൂക്കി കരുതിയത് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ്. എന്നാൽ അയാൾ ചെയ്യുന്നതെല്ലാം അറിയിക്കുന്ന ചാരൻമാർ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഇനിമേൽ അയാൾ ആഫ്രിക്ക​യെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ഇല്ല. അയാളെ ഇല്ലാതാക്കിയതോടെ ഐ.എസിന്റെ ആഗോളതലത്തിലെ പ്രവർത്തനങ്ങളിൽ വലിയ ആഘാതം സൃഷ്ടിക്കാനായി. ഈ നടപടിയിൽ പങ്കാളിയായതിന് നൈജീരിയൻ സർക്കാറിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’ -ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഐ.എസ് നേതൃനിരയിലെ രണ്ടാമനാണ് അബു ബിലാൽ അൽ മിനൂക്കി. അബുബക്കർ ഇബ്നു മുഹമ്മദ് ഇബ്നു അലി അൽ മൈനൂകി എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ സഹേൽ മേഖല കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. 12 രാജ്യങ്ങളിലായാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെ സീനിയർ കമാൻഡറായി അൽ മിനൂക്കി പ്രവർത്തിച്ചിരുന്നു, കൂടാതെ ഐ.എസ്.ഐ.എസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രൊവിൻസസിലേക്ക് ചാഡ് ഡിവിഷന്റെ പ്രവർത്തനങ്ങൾക്കും അൽ മിനൂക്കി നേതൃത്വം നൽകിയിരുന്നു. 2023 ജൂണിലാണ് അൽ മിനൂക്കിയെ ആഗോള ഭീകരനായി യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രഖ്യാപിച്ചത്.

Tags:    
News Summary - Abu Bilal al Minuki second in command of ISIS globally eliminated by US forces in Nigeria says Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.