അബ്ദുൽ അൽ-സൈദ്

ഇസ്രായേൽ അനുകൂല ലോബികൾക്ക് കനത്ത തിരിച്ചടി; അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്‍ലിം സെനറ്റർ ആകാൻ ഒരുങ്ങി അബ്ദുൽ അൽ-സൈദ്

വാഷിങ്ടൺ: അമേരിക്കൻ സെനറ്റ്തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നേടി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി പ്രശസ്ത പൊതുജനാരോഗ്യ പ്രവർത്തകൻ അബ്ദുൽ അൽ സൈദ്. ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെ 60 ദശലക്ഷം ഡോളറിലധികം വരുന്ന ഭീമമായ പ്രചാരണ ചെലവുകളെയും എതിർപ്പുകളെയും അതിജീവിച്ചാണ് അദ്ദേഹത്തിന്റെ ചരിത്ര നേട്ടം. വോട്ടെടുപ്പ് പൂർത്തിയായി 12 മണിക്കൂറിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ അൽ-സൈദിന്റെ വിജയം സ്ഥിരീകരിച്ചത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ഒരു ശതമാനത്തിന്റെ ചെറിയ മുൻതൂക്കം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 41 കാരനായ അബ്ദുൽ അൽ സൈദ് ഡോക്ടറാണ്.

വോട്ടെടുപ്പിന്റെ ഫലം അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിക്ക് (AIPAC) കനത്ത തിരിച്ചടിയായിരുന്നു. സംഘടനയുടെ ശക്തമായ എതിർപ്പുകളെയും സ്ഥാനാർഥിയായ യു.എസ് കോൺഗ്രസ് അംഗം ഹേലി സ്റ്റീവൻസിന് ലഭിച്ച 30 ദശലക്ഷം ഡോളറിലധികം വരുന്ന ഫണ്ടിങ്ങിനെയും അതിജീവിച്ചാണ് അബ്ദുൽ അൽ-സൈദ് വിജയം കൈവരിച്ചത്. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ട്രംപിന്റെ അടുത്ത അനുയായിയുമായ മൈക്ക് റോജേഴ്സിനെയാണ് അദ്ദേഹം നേരിടുക.

പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാലാവധിക്കുള്ളിൽ സെനറ്റിന്റെ നിയന്ത്രണം ഏത് പാർട്ടിക്ക് ലഭിക്കുമെന്നതിൽ നിർണ്ണായകമാകുന്ന ഈ മത്സരം നവംബറിലെ മിഡ്‌ടേം തെരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ്. ഈജിപ്ഷ്യൻ വംശജനായ അബ്ദുൽ അൽ സൈദ് വിജയിച്ചാൽ, അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ മുസ്‍ലിം സെനറ്റർ എന്ന ചരിത്രനേട്ടം സ്വന്തമാക്കും.

2024 ൽ ട്രംപിനെ പിന്തുണച്ച മിഷിഗണിലെ ഈ തെരഞ്ഞെടുപ്പ് ഫലം മിഡിൽ ഈസ്റ്റ് സംഘർഷങ്ങളിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. ഗസ്സയിലെ ഇസ്രായേലിന്റെ നടപടികളെ നരഹത്യയെന്ന് വിശേഷിപ്പിച്ച അൽ-സൈദ്, ഇസ്രായേലിന് ഗുണം ചെയ്യുന്ന സംഘർഷങ്ങൾക്കായി ചെലവഴിക്കുന്ന പണം അമേരിക്കയിലെ പ്രാദേശിക സമൂഹങ്ങളുടെ ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപിക്കണമെന്ന് ആഹ്വാനം ചെയ്തു.

വിദേശ സർക്കാരുകൾക്ക് നിബന്ധനകളില്ലാതെ നൽകുന്ന സൈനിക സഹായങ്ങളെയും ഇസ്രായേലിന്റെ 'അയൺ ഡോം' പോലുള്ള പ്രതിരോധ സാങ്കേതികവിദ്യകൾക്കായുള്ള ഫണ്ടിങ്ങിനെയും താൻ എതിർക്കുന്നതായി അൽ-സൈദ് വ്യക്തമാക്കി. സി.എൻ.എൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ആക്രമണ ആയുധങ്ങളും പ്രതിരോധ ആയുധങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ സ്വന്തം കുട്ടികൾ ദീർഘകാലമായി ഫണ്ടില്ലാതെ വലയുന്ന സ്കൂളുകളിൽ പഠിക്കുമ്പോൾ, ഒരു വിദേശ സർക്കാരിന് വേണ്ടി പ്രതിരോധ ആയുധങ്ങൾ വാങ്ങിനൽകേണ്ട ബാധ്യത തനിക്കില്ലെന്ന് അൽ-സൈദ് പറഞ്ഞു. മിഷിഗണിലെ അടുത്ത സെനറ്റർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവിടുത്തെ കുട്ടികളോടാണെന്നും, വിദേശ സർക്കാരുകളുടെ താൽപ്പര്യങ്ങൾക്കല്ല താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അയൺ ഡോം പോലുള്ള സംവിധാനങ്ങൾക്കുള്ള ഫണ്ടിങ്ങിനെ എതിർക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സ്വന്തം നാട്ടിലെ കുട്ടികൾക്ക് കൃത്യമായ സൗകര്യങ്ങളുള്ള സ്കൂളുകൾ ലഭിക്കാത്ത അവസ്ഥയിൽ നികുതിപ്പണം വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിന്റെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇസ്രായേലിന് പുറമേ ഈജിപ്ത്, പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്കും നിബന്ധനകളില്ലാത്ത സൈനിക സഹായം നൽകുന്നതിനെതിരെ അദ്ദേഹം സംസാരിച്ചു. അമേരിക്കയിലെ സംസ്ഥാനത്ത് വാർഷിക വരുമാനം വളരെ കുറഞ്ഞ സമൂഹങ്ങളുണ്ടെന്നും, ജനങ്ങളുടെ നികുതിപ്പണം അവരുടെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ കൈമാറുന്നതിനെതിരെയുള്ള 'ലീ നിയമങ്ങൾ' (Leahy laws) പാലിക്കപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും യഹൂദ ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ഒരുപോലെ സമാധാനത്തിനും അന്തസ്സിനും സ്വയം നിർണ്ണയാവകാശത്തിനും അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ അൽ-സൈദ് അനായാസ വിജയം നേടുമെന്നാണ് ആദ്യ സർവേകൾ സൂചിപ്പിച്ചിരുന്നതെങ്കിലും, ഡെട്രോയിറ്റിൽ ശക്തമായ മുന്നേറ്റം നടത്തിയ സ്റ്റീവൻസ് പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു. അൽ-സൈദ് തുടക്കത്തിൽ നേടിയ മുൻതൂക്കം കുറച്ചുകൊണ്ടുവരാൻ സ്റ്റീവൻസിന് സാധിച്ചതോടെ മണിക്കൂറുകളോളം ഫലം പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. എങ്കിലും, "മിഷിഗൺ... ഞങ്ങൾ വിജയിച്ചിരിക്കുന്നു" എന്ന് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ട് അൽ-സൈദ് തന്റെ വിജയം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ ഹേലി സ്റ്റീവൻസ് അൽ-സൈദിന് പിന്തുണ പ്രഖ്യാപിച്ചു. എൻ.ബി.സി ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ നെറ്റ്‌വർക്കുകൾ അൽ-സൈദിനെ വിജയിയായി ആദ്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗവർണർ ഗ്രെച്ചൻ വിറ്റ്മെറും സെനറ്റർ ഗാരി പീറ്റേഴ്സും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി.

സ്ഥാനാർഥികളെ പിന്തുണക്കാത്ത നിഷ്പക്ഷ സംഘടനയായ അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മായ ബെറി, അൽ-സൈദിന്റെ വിജയത്തെ ഒരു വലിയ നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. നയങ്ങളെക്കുറിച്ച് സംസാരിക്കാതെ ഒരു അറബ് അമേരിക്കൻ മുസ്‍ലിം വ്യക്തിക്കെതിരെ മാത്രം നെഗറ്റീവ് ആക്രമണങ്ങൾ അഴിച്ചുവിട്ട നീക്കങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്ന് അവർ പറഞ്ഞു. മിഷിഗണിലെ ഈ തെരഞ്ഞെടുപ്പ് ഫലം ഇസ്രായേൽ അനുകൂല ഡെമോക്രാറ്റുകൾക്ക് ഏറ്റ വലിയ തിരിച്ചടിയാണ്. പാർട്ടിയുടെ അടിത്തറയും പൊതുജനങ്ങളും മിഡിൽ ഈസ്റ്റ് സഖ്യകക്ഷിക്കെതിരെ തിരിയുന്നതിന്റെ ലക്ഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തീവ്രമായ പ്രാഥമിക തെരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റിക് അടിത്തറയെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങളിലാണ് അൽ-സൈദ് ഇപ്പോൾ. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സും ട്രംപും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും ട്രംപിനും അടിമപ്പെട്ടയാളാണ് മൈക്ക് റോജേഴ്സ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, "മൈക്ക്, ഞങ്ങൾ നിങ്ങൾക്കായി വരുന്നു" എന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇതൊരു നല്ല വാർത്തയാണെന്നായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

Tags:    
News Summary - Abdul El-Sayed wins Michigan Democratic primary for Senate in blow to AIPAC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.