ഹിരോഷിമ സമാധാന സ്മാരക മ്യൂസിയം
ടോകിയോ: ആഗോളതലത്തിൽ ആണവ ഭീഷണികളും രാഷ്ട്രീയ സംഘർഷങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ലോക ശ്രദ്ധ വീണ്ടും ഹിരോഷിമയിലേക്ക്. ലോകത്തെ ആദ്യ അണുബോംബ് ആക്രമണത്തിന് ഇരയായ ജപ്പാനിലെ ഹിരോഷിമ സമാധാന സ്മാരക മ്യൂസിയം സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്.
1945 ആഗസ്റ്റ് 6ലെ അണുബോംബ് ആക്രമണത്തിന്റെ ഭീകരതകളും ഇരകളുടെ യാതനകളും ഭാവി തലമുറക്കായി ഓർമിപ്പിച്ചുവെക്കാനാണ് 1955ൽ ഹിരോഷിമ പീസ് മെമ്മോറിയൽ ആരംഭിച്ചത്. ആധുനിക ലോകത്ത് സമാധാനത്തിന്റെയും നിരായുധീകരണത്തിന്റെയും പ്രധാന്യം ഓർമിപ്പിക്കുന്ന ഏറ്റവും ശക്തമായ കേന്ദ്രമായി ഇവിടം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇതൊരു യുനെസ്‌കോ ലോക പൈതൃക കേന്ദ്രമാണ്.
2025 സാമ്പത്തിക വർഷത്തിൽ മാത്രം 945,000ത്തിലധികം വിദേശികളാണ് ഈ ചരിത്ര സ്മാരകം സന്ദർശിച്ചത്. ഇത് മ്യൂസിയത്തിലെ ആകെ സന്ദർശകരുടെ ഏകദേശം 40 ശതമാനത്തോളം വരും. ആണവ ശക്തികൾ തമ്മിലുള്ള പോർവിളികളും യുദ്ധഭീതിയും ലോകത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ, സമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ മ്യൂസിയത്തിലേക്ക് നിരവധി പേരാണ് എത്തിച്ചേരുന്നത്.
ഹിരോഷിമ പീസ് കൾച്ചർ ഫൗണ്ടേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ ആകെ 25,80,926 ആളുകളാണ് മ്യൂസിയം സന്ദർശിച്ചത്. തുടർച്ചയായ മൂന്നാം വർഷമാണ് സന്ദർശകരുടെ എണ്ണത്തിൽ ഇത്രയധികം വർധനവ് രേഖപ്പെടുത്തുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മൊത്തം സന്ദർശകരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
ഇതിൽ വിദേശത്തുനിന്നെത്തിയ സന്ദർശകരുടെ എണ്ണം മാത്രം 9,45,618 വരും. ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഹിരോഷിമയുടെ ചരിത്രത്തോടുള്ള താല്പര്യത്തെ ഇത് വ്യക്തമാക്കുന്നത്. നിലവിൽ 2026 സാമ്പത്തിക വർഷം പൂർണ്ണമായി അവസാനിക്കാത്തതിനാൽ ഈ വർഷത്തെ മുഴുവൻ വാർഷിക കണക്കുകളും ഇതേവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, ഈ വർഷവും മ്യൂസിയത്തിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ലോകം അത്യന്തം സങ്കീർണ്ണവും അസ്ഥിരവുമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഇത്രയധികം ആളുകൾ മ്യൂസിയം സന്ദർശിക്കുന്നത് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് മ്യൂസിയം ഡയറക്ടർ യോഷിഫുമി ഇഷിഡ പറഞ്ഞു. ‘ആണവായുധങ്ങൾ വരുത്തിവെക്കുന്ന ദുരന്തങ്ങളും യാഥാർത്ഥ്യങ്ങളും ലോകവുമായി പങ്കുവെക്കാൻ ഈ സന്ദർശനങ്ങൾ ഏറെ സഹായിക്കുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിരോഷിമ സമാധാന സ്മാരക പാർക്കിനുള്ളിലാണ് ഹിരോഷിമ സമാധാന സ്മാരക മ്യൂസിയം സ്ഥിതിചെയ്യുന്നത്. അണുബോംബ് ആക്രമണത്തിൽ മരിച്ച എല്ലാ കുട്ടികളുടെയും ഓർമക്കായി 1958ൽ നിർമിച്ച സ്മാരകമാണിത്. സഡാക്കോ കൈകളിൽ കൊക്കിനെ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.