നയ്പിഡാവ്: മ്യാന്മറിലെ ഏറ്റവും വലിയ തടങ്കൽപാളയമായ 'ഇൻസീൻ' ജയിലിൽ പാഴ്സലായെത്തിയ ബോംബ് പൊട്ടി സന്ദർശകരായ അഞ്ചു വനിതകളുൾപ്പെടെ എട്ടു മരണം. മൂന്ന് ജയിൽ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനുടൻ വെടിവെപ്പ് നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് അടിയന്തര ചികിത്സ നൽകി. സ്ഫോടനത്തെ തുടർന്ന് കോടതിയിൽ വിചാരണ നടക്കേണ്ട നിരവധി കേസുകൾ നീട്ടിവെച്ചു. പട്ടാളഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന സായുധസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജയിൽമേധാവിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും പട്ടാളമേധാവി മിൻ ഓങ് ഹലായിങ്ങിനെതിരായാണ് നീക്കമെന്നും സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആയിരക്കണക്കിന് രാഷ്ട്രീയതടവുകാരെ പാർപ്പിച്ച തടവറയാണ് ഇൻസീൻ. കഴിഞ്ഞവർഷം പട്ടാള അട്ടിമറിക്കുശേഷം സൈനികർ കസ്റ്റഡിയിലെടുത്ത രാഷ്ട്രീയനേതാക്കളിലേറെയും ഇവിടെയാണുള്ളത്. പട്ടാളഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന നിരവധി വിമതസംഘടനകളുള്ള രാജ്യത്ത് മുമ്പും ആക്രമണം നടത്തിയവരാണ് ഇൻസീൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റ എസ്.ടി.എ.
രാവിലെ 9.40ഓടെയായിരുന്നു സ്ഫോടനം. തടവുകാർക്ക് പാഴ്സലുകൾ എത്തിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ട അഞ്ചുപേർ. ഇതിൽ 10 വയസ്സുകാരിയായ കുട്ടിയുമുണ്ട്. പരിക്കേറ്റവരിൽ ഒമ്പതുകാരനുമുണ്ട്.
പാഴ്സൽ കേന്ദ്രത്തിന്റെ അകത്തും പുറത്തും സ്ഫോടനം നടന്നു. തടവുകാർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ എത്തിക്കാൻ ബന്ധുക്കളെ അനുവദിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.