ഭൂകമ്പത്തിൽ തകർന്ന കെട്ടിടം

ഫിലിപ്പീൻസിൽ ഭൂകമ്പം; 7.5 തീവ്രത, സൂനാമിക്ക് സാധ്യത

ദവാവോ: ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഭൂകമ്പത്തെ തുടർന്ന് സൂനാമി സാധ്യതകളുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ആളുകളോട് പ്രദേശത്തുനിന്ന് ഉടൻ ഒഴിഞ്ഞുപോകാനും നിർദേശം നൽകി. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ കണക്കുപ്രകാരം (EMSC) പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 62 കിലോമീറ്റർ (38.53 മൈൽ) ആഴത്തിലാണ്. ഇതേതുടർന്ന് വലിയ സൂനാമിത്തിരകൾ രാവിലെപത്തുമണിയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തിരമാലകൾ വീശിയടിക്കുന്നത് മണിക്കൂറുകളോളം തുടർന്നേക്കാമെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി മുന്നറിയിപ്പ് നൽകി.

സൂനാമിയുടെ വരവോടെ സാധാരണ വേലിയേറ്റത്തിൽ നിന്ന് ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾ അടിക്കാനുള്ളസാധ്യതയും ​മുന്നറിയിപ്പിൽനൽകിയിട്ടുണ്ട്. കൂടാതെ ഉൾക്കടലുകളിലും കടലിടുക്കുകളിലും തിരമാലകളുടെ ഉയരം ഇതിലും കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.മിൻഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിന് സമീപം കടൽത്തീരത്താണ് ശക്തമായ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളും തുടർചലനങ്ങളും ഉണ്ടാകുമെന്ന് ഫിവോൾക്സ് ഏജൻസി മുന്നറിയിപ്പ് നൽകി.

യുഎസിന്റെ സൂനാമി മുന്നറിയിപ്പ് സംവിധാനവും സൂനാമി തിരമാലകൾഉണ്ടാകുമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ സൂനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പറഞ്ഞു. സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാസേന തയാറാണെന്നും മാർക്കോസ് അറിയിച്ചു.

ചിലയിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഡാവോ ഓറിയന്റലിലെ കെട്ടിടങ്ങൾക്കും ഒരു പള്ളിക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതായി സിവിൽ ഡിഫൻസ് ഓഫിസ് റീജനൽ ഡയറക്ടർ എഡ്നാർ ദയാംഗിരാങ് പറഞ്ഞു.ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, പാപ്പ്വ മേഖലകളിലും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50 സെന്റീമീറ്റർ (20 ഇഞ്ച്) വരെ ഉയരുന്ന തിരമാലകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ജിയോഫിസിക്സ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - 7.5 magnitude earthquake hits Philippines, tsunami possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.