ജറൂസലം: വടക്കൻ ഇസ്രായേലിൽ ആയിരക്കണക്കിന് ജൂതമത വിശ്വാസികൾ ഒത്തുചേർന്ന തീർഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 മരണം. 150ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മൗണ്ട് മെറോണിൽ വർഷത്തിലൊരിക്കൽ നടക്കുന്ന ജൂതമത ചടങ്ങായ 'ലാഗ് ബി ഓമറി'നിടെയാണ് വ്യാഴാഴ്ച രാത്രി ദാരുണ സംഭവമുണ്ടായത്.
വ്യാപക വാക്സിനേഷനെ തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുവരുത്തിയതോടെ ലക്ഷത്തോളം പേർ മൗണ്ട് മെറോണിലെ, റബ്ബി ഷിമോൺ ബാർ യോചെയുടെ ശവകുടീരത്തിൽ എത്തിച്ചേർന്നിരുന്നു. അനേകം പേർ ഒന്നിച്ചുനീങ്ങുന്നതിനിടെ ചിലർ പടവുകളിൽ കാലിടറി വീണപ്പോൾ പിന്നാലെ വരുന്നവർക്കുമേൽ പതിക്കുകയായിരുന്നുവത്രെ. ഇത് തിക്കിനും തിരക്കിനും ഇടവരുകയും പലരും ഞെരിഞ്ഞമരുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പടവുകളിൽനിന്ന് 'മനുഷ്യ ഹിമപാതം' പോലെ ആളുകൾ താഴേക്ക് പതിച്ചുവെന്നാണ് രക്ഷാദൗത്യത്തിലേർപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞത്. രക്ഷപ്പെടാനുള്ള തിരക്കിനിടെ, വീണവർക്കുമേൽ പിന്നാലെ വന്നവർ മേൽക്കുമേൽ പതിച്ചാണ് പലർക്കും ജീവഹാനി സംഭവിച്ചത്. കുടുങ്ങിപ്പോയവരെ താൽക്കാലിക നിർമിതികൾ പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയോടെ ലക്ഷത്തോളം പേർ ഇവിടെ എത്തിച്ചേർന്നിരുന്നു. വെള്ളിയാഴ്ച രാവിലെ ഇങ്ങോട്ടേക്ക് എത്താനായി പിന്നെയും ഒരുലക്ഷം പേർ തിരിച്ചിരുന്നുവെങ്കിലും അധികൃതർ അവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടുക്കം പ്രകടിപ്പിച്ചു. കോവിഡ് കാലത്ത് ഇത്രയും വലിയ ഒത്തുചേരൽ നിയന്ത്രിക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റി എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.