തെഹ്റാൻ: ഇറാനിലെ ബാന്ദാർ അബ്ബാസിലെ ഷാഹിദ് രാജീ പോർട്ടിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 516 പേർക്ക് പരിക്കേറ്റു. ഇറാൻ മാധ്യമങ്ങളാണ് സ്ഫോടനവിവരം പുറത്ത് വിട്ടത്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. തുറമുഖത്തിന് സമീപത്തുള്ള പ്രദേശങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വൻ തോതിൽ പുക ഉയർന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്ഫോടനത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെഷ്‍കിയാൻ കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. ഇറാൻ ആഭ്യന്തരമന്ത്രി പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തിന്റെ യഥാർഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഇറാൻ ഭരണകൂടത്തിന്റെ വക്താവ് ഫത്തേഹ് മൊഹജാർനി പറഞ്ഞു. രാസവസ്തുക്കൾ നിറച്ച ഒരു കണ്ടയ്നറാണ് സ്ഫോടനത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.