‘ഒന്നുകിൽ 20 മില്യൺ ഡോളർ അല്ലെങ്കിൽ ക്ഷമാപണം’: ട്രംപ് ഭരണകൂടത്തോട് ​വേറിട്ട രീതിയിൽ നീതി ആവശ്യപ്പെട്ട് തടങ്കലിൽ നിന്ന് മോചിതനായ മഹ്മൂദ് ഖലീൽ

വാഷിംങ്ടൺ: കൊളംബിയ സർവകലാശാലയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർക്കുവേണ്ടി സമാധാനപരമായി ചർച്ച നടത്തിയിരുന്ന ഒരു ബിരുദ വിദ്യാർഥിയായിരുന്നു മഹ്മൂദ് ഖലീൽ. അതിനിടെയിലാണ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയം ഖലീലിനുനേർക്ക് ദംഷ്ട്രകൾ നീട്ടിയത്. മൂന്നു മാസത്തിലേറെ ഫെഡറൽ കസ്റ്റഡിയിൽ കഴിഞ്ഞശേഷം ഏതാനും ആ​ഴ്ച മുമ്പാണ് തടങ്കൽ കേന്ദ്രത്തിൽ നിന്ന് ഖലീൽ പുറത്തിറങ്ങിയത്. തന്നെ അന്യായമായി തടങ്കലിട്ട ട്രംപ് ഭരണകൂടത്തോട് വ്യത്യസ്തമായ രീതിയിൽ നീതി ആവശ്യ​​​പ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹമിപ്പോൾ. 

വിയോജിപ്പിനെ നിശബ്ദമാക്കാൻ കുടിയേറ്റ എൻഫോഴ്‌സ്‌മെന്റിനെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ 20 മില്യൺ ഡോളറിന്റെ അഡ്മിനിസ്ട്രേറ്റിവ് പരാതി ഖലീൽ ഫയൽ ചെയ്തു. തെറ്റായ അറസ്റ്റ്, ദുരുദ്ദേശ്യപരമായ പ്രോസിക്യൂഷൻ, വൈകാരിക ആഘാതം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, തന്നെ ദേശീയ ഭീഷണിയായി മുദ്രകുത്തിയ ഒരു ഗവൺമെന്റ് ലക്ഷ്യമിടുന്ന വിദ്യാർഥി പ്രവർത്തകരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുന്നു. ‘ഫെഡറൽ ടോർട്ട് ക്ലെയിംസ് ആക്ട് പ്രകാരം’ അദ്ദേഹം പരാതി നൽകി. കുടിയേറ്റ നയത്തിനെതിരെ സാധ്യമായ ഫെഡറൽ വ്യവഹാരത്തിന്റെ മുന്നോടിയായ നീക്കമായി കണക്കാക്കപ്പെടുന്നു.

ട്രംപ് ഭരണകൂടവും കൊളംബിയ സർവകലാശാലയും സമാനമായി ലക്ഷ്യമിടുന്ന മറ്റുള്ളവരെ സഹായിക്കാൻ നഷ്ടപരിഹാരത്തുക ഉപയോഗിക്കുമെന്ന് ഖലീലിനെ പ്രതിനിധീകരിക്കുന്ന സംഘടനയായ ‘സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്‌സ്’ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. പണം അടക്കാൻ തയ്യാറായില്ലെങ്കിൽ ഔദ്യോഗിക ക്ഷമാപണവും ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധ നയം ഉപേക്ഷിക്കലും ആവശ്യപ്പെടും.

കൊളംബിയ സർവകലാശാലയുടെ ഫലസ്തീൻ അനുകൂല കാമ്പസ് പ്രതിഷേധങ്ങളുടെ പ്രധാന വക്താവും അധികൃതരുമായുള്ള ചർച്ചകളിലെ മധ്യസ്ഥനുമായിരുന്നു 30 കാരനായ ഖലീൽ. ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിൽ പ്രതിഷേധിക്കുന്ന കൊളംബിയ ക്യാമ്പുകളിലെ വിദ്യാർഥി നേതാക്കളിൽ ഒരാളായി 2024ലെ വസന്തകാലത്ത് ഖലീൽ ദേശീയ ശ്രദ്ധയിൽപ്പെട്ടു. യു.എസ് പൗരയെ വിവാഹം കഴിച്ച ഗ്രീൻ കാർഡ് ഉടമയായ അദ്ദേഹത്തെ 2025 മാർച്ചിൽ ന്യൂയോർക്കിലെ തന്റെ അപ്പാർട്ട്മെന്റിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ( ഐ.സി.ഇ) ഏജന്റുമാർ അറസ്റ്റ് ചെയ്തു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ ഐ.സി.ഇ തടഞ്ഞുവച്ച ആദ്യത്തെ ഉന്നത ഫലസ്തീൻ അനുകൂല പ്രവർത്തകൻ ആയിരുന്നു ഖലീൽ. യൂനിവേഴ്സിറ്റി കാമ്പസുകളെ യഹൂദവിരുദ്ധതയുടെ കേന്ദ്രങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമർത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു.

കസ്റ്റഡിയിലെടുത്ത ഖലീലിനെ ലൂസിയാനയിലെ ഒരു ഐ.സി.ഇ തടങ്കലിലേക്ക് മാറ്റി. ഒപ്പം അദ്ദേഹത്തെ നാടുകടത്താൻ ട്രംപ് ഭരണകൂടം കോടതിയിൽ സമ്മർദ്ദം ചെലുത്തി. ഖലീൽ ഹമാസിനെ പിന്തുണക്കുന്നതായി ഉദ്യോഗസ്ഥർ ആരോപിച്ചു. എന്നാൽ, ഔപചാരിക തെളിവുകളൊന്നും ഹാജരാക്കിയുമില്ല. അദ്ദേഹത്തിന്റെ നിയമസംഘം ഈ കുറ്റം കോടതിയിൽ നിഷേധിച്ചു.

എന്നാൽ, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഖലീലിന്റെ യു.എസിലെ സാന്നിധ്യം വിദേശനയത്തിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു. ലൂസിയാനയിലെ ഒരു ഇമിഗ്രേഷൻ ജഡ്ജി ഇക്കാര്യം സമ്മതിക്കുകയും അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

ജൂണിൽ ന്യൂജേഴ്‌സിയിലെ ഒരു ഫെഡറൽ ജഡ്ജി അറസ്റ്റിന്റെ അടിസ്ഥാനം ചോദ്യം ചെയ്തുകൊണ്ട് ട്രംപ് ഭരണകൂടം ഖലീലിനെ നാടുകടത്തുകയോ തടങ്കലിൽ വെക്കുകയോ ചെയ്യുന്നതിനെ വിലക്കി. ജൂൺ 20ന് ഖലീലിനെ മോചിപ്പിക്കുകയും സഹപ്രവർത്തകരും നിയമസംഘത്തിലെ അംഗങ്ങളും ഉൾപ്പെടെയുള്ള പിന്തുണക്കാർ ന്യുവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. മോചനം ലഭിച്ചിട്ടും ട്രംപ് ഭരണകൂടം ഖലീലിന്റെ നാടുകടത്താനുള്ള നീക്കം തുടരുകയാണ്.

Tags:    
News Summary - $20M or an apology: Freed from ICE detention, Mahmoud Khalil’s renewed demand for justice from Trump administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.