ഏഷ്യൻ നീഡിൽ ഉറുമ്പുകൾ

അസഹനീയമായ വേദന, മാരകമായ അലർജി; അമേരിക്കയെ വിറപ്പിച്ച് ‘ഏഷ്യൻ നീഡിൽ ഉറുമ്പുകൾ’; 20 സംസ്ഥാനങ്ങളിൽ ജാഗ്രത

ന്യൂയോർക്ക്: അമേരിക്കയിൽ ഭീതി പടർത്തി ചൈനീസ് ഉറുമ്പ് വർഗ്ഗം അതിവേഗം പടരുന്നു. 'ഏഷ്യൻ നീഡിൽ ആന്റ്' എന്ന് വിളിക്കപ്പെടുന്ന ഇവയുടെ കുത്തേറ്റാൽ കഠിനമായ വേദനയും അലർജിയുള്ളവർക്ക് ജീവൻ വരെ അപകടത്തിലാകുന്ന 'അനാഫൈലാക്സിസ്' അവസ്ഥയും ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശരീരത്തിലുണ്ടാകുന്ന അതീവ ഗുരുതരമായ ഒരു അലർജി പ്രതികരണമാണ് അനാഫൈലാക്സിസ്. ഏഷ്യൻ നീഡിൽ ഉറുമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റാലോ ചില ഭക്ഷണങ്ങൾ കഴിച്ചാലോ ഇത് സംഭവിക്കാം. ഇത് മിനിറ്റുകൾക്കുള്ളിൽ തന്നെ ജീവന് ഭീഷണിയായേക്കാം.

ഫ്ലോറിഡ, ജോർജ്ജിയ, ടെക്സസ്, ന്യൂയോർക്ക്, പെൻസിൽവേനിയ തുടങ്ങി മസാച്ചുസെറ്റ്‌സും വിസ്കോൺസിനും വരെയുള്ള 20ഓളം സംസ്ഥാനങ്ങളിൽ ഈ ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവ അമേരിക്കയിൽ എത്തിയിരുന്നെങ്കിലും അടുത്ത കാലത്താണ് ഇവയുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്.

മറ്റ് ഉറുമ്പുകളെപ്പോലെ ഇവ മണ്ണിൽ വലിയ പുറ്റുകൾ ഉണ്ടാക്കാറില്ല. പകരം കരിയിലകൾക്കിടയിലും ചീഞ്ഞഴുകിയ മരത്തടികളിലും കാട്ടുപ്രദേശങ്ങളിലുമാണ് ഇവ കൂടുകൂട്ടുന്നത്. ഇത് കാരണം ആളുകൾ അറിയാതെ ഇവയുടെ മുകളിൽ ചവിട്ടാനോ സ്പർശിക്കാനോ ഉള്ള സാധ്യത കൂടുതലാണ്.

ശരീരത്തിൽ സൂചി കുത്തിയിറക്കുന്നത് പോലെയുള്ള വേദനയാണ് ഇവയുടെ പ്രത്യേകത. ഈ വേദന മണിക്കൂറുകളോളം നീണ്ടുനിൽക്കാം. ചിലപ്പോൾ കൈയ്യിൽ കുത്തേറ്റാൽ തോളിലേക്ക് വരെ വേദന പടരാം. വസ്ത്രങ്ങൾക്കിടയിലൂടെ പോലും കുത്താൻ ശേഷിയുള്ള കരുത്തുറ്റ വിഷമുള്ളാണ് ഇവക്കുള്ളത്. ഉറുമ്പിന്റെ വിഷത്തോട് അലർജിയുള്ളവർക്ക് ശ്വാസതടസ്സം, രക്തസമ്മർദം കുറയുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായേക്കാം.

ഈ ഉറുമ്പുകൾ സാധാരണ ഗതിയിൽ ആക്രമണകാരികളല്ല. തങ്ങളുടെ വാസസ്ഥലത്തിന് ഭീഷണിയുണ്ടെന്ന് തോന്നിയാൽ മാത്രമേ ഇവ കുത്താറുള്ളൂ. ഔട്ട്‌ഡോർ ജോലികൾ ചെയ്യുന്നവരും തോട്ടം തൊഴിലാളികളും ഗ്ലൗസുകൾ ധരിക്കണമെന്നും ഈ ഉറുമ്പുകളെ കണ്ടാൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും യു.എസ് കൃഷി വകുപ്പ് (USDA) നിർദേശിച്ചിട്ടുണ്ട്. തോട്ടങ്ങളിലോ കാടുപിടിച്ച സ്ഥലങ്ങളിലോ ചെരിപ്പില്ലാതെ നടക്കാതിരിക്കുക.

‘ആരെങ്കിലും ഒരാൾ നിങ്ങളുടെ മാംസത്തിലേക്ക് നേരിട്ട് ഒരു സൂചി കുത്തിയിറക്കുന്നത് സങ്കൽപ്പിക്കുക, അത്രയും തീക്ഷ്ണമായ വേദനയായിരിക്കും ഇത് നൽകുന്നത്’ യൂനിവേഴ്സിറ്റി ഓഫ് ഹോങ്കോംഗ് പ്രൊഫസർ ബെനോയിറ്റ് ഗ്വാർഡ് പറയുന്നു. കുത്തേറ്റാൽ ഉടൻ തന്നെ ആ ഭാഗം സോപ്പിട്ട് കഴുകുകയും ഐസ് വെക്കുകയും ചെയ്യുക. അലർജി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

Tags:    
News Summary - 20 US States On Alert As Venomous Chinese Ant Silently Takes Over America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.