ഇൽഹാൻ ഉമർ

യു.എസ് പൗരത്വം റദ്ദാക്കി ഇൽഹാൻ ഉമറിനെ നാടുകടത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിംഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയിലെ പ്രമുഖ ഡെമോക്രാറ്റിക് അംഗവും പുരോഗമന പക്ഷ നേതാവുമായ ഇൽഹാൻ ഉമറിന്റെ യു.എസ് പൗരത്വം റദ്ദാക്കാനും ഒടുവിൽ അവരെ രാജ്യത്തുനിന്ന് നാടുകടത്താനും ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഉന്നതതല അന്വേഷണം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമമായ 'ദി വോൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട യു.എസ് ഉദ്യോഗസ്ഥരെയും ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചാണ് പത്രം ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

സൊമാലിയയിൽ നിന്നുള്ള അഭയാർത്ഥിയായി യു.എസിലെത്തിയ മിനസോട്ട പ്രതിനിധി പൗരത്വം നേടിയതുമായി ബന്ധപ്പെട്ട കുടിയേറ്റ രേഖകൾ ഫെഡറൽ ഏജൻസികൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. മിനസോട്ടയിലെ ഫെഡറൽ ഗ്രാൻഡ് ജൂറിക്ക് മുന്നിൽ മൊഴി നൽകാനായി ഇൽഹാൻ ഉമറിന്റെ ചില ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം പന്ത്രണ്ടിലധികം സമൻസുകൾ അയച്ചുകഴിഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള അന്വേഷണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇൽഹാൻ ഉമറിന്റെ ഓഫീസ് പ്രതികരിച്ചു.

വസതി വളഞ്ഞ് റെയ്ഡ്; പാസ്‌പോർട്ടും രേഖകളും പിടിച്ചെടുത്തു

ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപ് ഭരണകൂടം ഇൽഹാൻ ഉമറിനെതിരേ കടുത്ത നടപടികളിലേക്ക് കടന്നത്. തിങ്കളാഴ്ച രാവിലെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ ഭാഗമായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് വിഭാഗം വാഷിംഗ്ടണിലെ ഇൽഹാൻ ഉമറിന്റെ വസതി വളഞ്ഞ് മണിക്കൂറുകളോളം പരിശോധന നടത്തി.

കോടതി പുറപ്പെടുവിച്ച സെർച്ച് വാറന്റിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം. പരിശോധനയ്ക്കിടെ ഇൽഹാൻ ഉമറിന്റെ പാസ്‌പോർട്ട്, മൊബൈൽ ഫോൺ, സ്വകാര്യ കമ്പ്യൂട്ടറുകൾ, നോട്ട്ബുക്കുകൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 'പിടിച്ചെടുത്ത സ്വത്ത് രേഖകൾ' എന്ന് രേഖപ്പെടുത്തിയ പെട്ടികളിലാണ് വസ്തുക്കൾ കൊണ്ടുപോയത്.

ആരോപണത്തിന്റെ കാതൽ: പൗരത്വ രേഖകളിലെ പ്രായം സംബന്ധിച്ച തർക്കം

കെനിയയിലെ അഭയാർത്ഥി ക്യാമ്പിലെ ജീവിതത്തിന് ശേഷം 1995-ൽ യു.എസിലെത്തിയ ഇൽഹാൻ ഉമർ 2000-ലാണ് അമേരിക്കൻ പൗരത്വം നേടിയത്. ഇൽഹാന്റെ പിതാവ് പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ, സ്വന്തമായി അപേക്ഷ നൽകേണ്ടി വരാതിരിക്കാൻ അവരുടെ പ്രായം 18-ന് പകരം 17 എന്ന് തിരുത്തിയോ എന്നാണ് ഇപ്പോൾ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. 2020-ൽ പിതാവ് മരണപ്പെട്ടതിനാൽ, പ്രായം സംബന്ധിച്ച് ഇൽഹാൻ വ്യാജവിവരങ്ങൾ നൽകിയതാണോ അതോ പിതാവ് നൽകിയതാണോ എന്ന് തെളിയിക്കുക പ്രയാസകരമാണ്.

നേരത്തെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തും ഹോംലാൻഡ് സെക്യൂരിറ്റി ഇതേ ആരോപണം പരിശോധിച്ചിരുന്നുവെങ്കിലും തിരിമറികൾക്ക് തെളിവില്ലാത്തതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നില്ല. എന്നാൽ ട്രംപ് ഭരണകൂടം അധികാരമേറ്റതോടെ ഈ കേസ് വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. ഒരു പൗരന്റെ പൗരത്വം റദ്ദാക്കാനും നാടുകടത്താനും കോടതി നടപടികൾ അനിവാര്യമാണെന്നിരിക്കെ, നിലവിൽ കോടതിയിൽ ഇവർക്കെതിരെ ഹരജികളൊന്നും ഫയൽ ചെയ്തിട്ടില്ല.

'ഭയപ്പെടുത്തി നിശബ്ദയാക്കാൻ നോക്കേണ്ട'; ട്രംപിന്റെ പങ്കുനിഷേധിച്ച് വൈറ്റ് ഹൗസ്

തന്റെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും വേട്ടയാടാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ കേട്ടുകേൾവിയില്ലാത്ത നീക്കമാണിതെന്ന് ഇൽഹാൻ ഉമറിന്റെ ഓഫീസ് ആഞ്ഞടിച്ചു. 'എന്നെ ഭയപ്പെടുത്തി നിശബ്ദയാക്കാൻ കഴിയില്ല' എന്ന് അവർ വ്യക്തമാക്കി. കോൺഗ്രസ് പ്രതിനിധികളുടെ ആസ്തി വിവരങ്ങൾ പരിശോധിക്കുന്ന സ്വതന്ത്ര സമിതി നേരത്തെ ഇൽഹാൻ ഉമറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നതുമാണ്.

അതേസമയം, റെയ്ഡുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നീതിന്യായ വകുപ്പാണ് സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുന്നതെന്നുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മിനസോട്ടയിലെ അഞ്ചാം ഡിസ്ട്രിക്റ്റിൽ നിന്ന് അഞ്ചാം തവണയും ജനവിധി തേടാനിരിക്കുന്ന പ്രമുഖ മുസ്‌ലിം വനിതാ നേതാവിനെതിരെ നിർണായക തെരഞ്ഞെടുപ്പ് വേളയിൽ നടക്കുന്ന ഈ നീക്കം യു.എസ് രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags:    
News Summary - Trump Administration Investigating Ilhan Omar to Revoke Citizenship and Deport Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.