പാകിസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 30 മരണം; നിരവധി കുട്ടികൾക്ക് പരിക്ക്
പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ സ്വകാര്യ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണ് 29 കുട്ടികളും ഒരു അധ്യാപികയും ദാരുണമായി കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലാണ് ദാരുണ സംഭവം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
പെഷവാറിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് അപകടമുണ്ടായ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ മേൽക്കൂര നിലംപൊത്തിയതിനെ തുടർന്ന് നിരവധി കുട്ടികൾ കോൺക്രീറ്റ് പാളികൾക്കും അവശിഷ്ടങ്ങൾക്കും അടിയിൽ പെടുകയായിരുന്നു. വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തി. പ്രാദേശികവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
അപകടവിവരമറിഞ്ഞ് ഹോസ്പിറ്റലിന് പുറത്തും സ്കൂളിന് മുന്നിലും തടിച്ചുകൂടിയ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കാഴ്ച ഹൃദയഭേദകമായിരുന്നു. തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്നറിയാനാകാതെ നിലവിളിക്കുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടു. ആശുപത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് പരിക്കേറ്റ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഏവരും തന്നെ 13 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി വക്താവ് മുഹമ്മദ് ആസിം സ്ഥിരീകരിച്ചു.
കെട്ടിടം തകർന്നുവീഴാനുള്ള കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതകളാണ് ദുരന്തത്തിന് കാര്യമെന്ന് പ്രഥമഘട്ടത്തിൽ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ ഘടന ബലഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെഷവാർ പൊലീസ് മേധാവി സയീദ് അഹമ്മദ് സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തു.
പാകിസ്ഥാനിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചും കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പതിവാണ്. കഴിഞ്ഞ ജൂലൈയിൽ ലാഹോറിലുണ്ടായ സമാനമായ മറ്റൊരു അപകടത്തിൽ നിർമ്മാണത്തിലിരുന്ന ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് നാല് സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.