പാകിസ്താന്റെ സിവിലിയൻ ആണവ സുരക്ഷ ശക്തമെന്ന്; ആശങ്കയോടെ ഇന്ത്യ
ഇസ്ലാമാബാദ്/ന്യൂഡൽഹി: പാകിസ്താന്റെ സിവിലിയൻ ആണവ സുരക്ഷാ സംവിധാനം ശക്തമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ). പാകിസ്താനിൽ ആദ്യമായി നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഐഎഇഎയുടെ ഇന്റർനാഷണൽ ഫിസിക്കൽ പ്രൊട്ടക്ഷൻ അഡ്വൈസറി സർവീസ് ആണ് ഈ നിർണായക വിലയിരുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ, പാകിസ്താന്റെ സൈനിക ആണവ കേന്ദ്രങ്ങൾ ഈ പരിശോധനയുടെ പരിധിയിൽ വരാത്തതിനാൽ ഇന്ത്യൻ വിദഗ്ധരും നയതന്ത്രജ്ഞരും ഇതിൽ കടുത്ത ആശങ്കയും സംശയവും പ്രകടിപ്പിക്കുന്നു.
പാകിസ്താൻ സർക്കാറിന്റെ ഔദ്യോഗിക അഭ്യർഥന പ്രകാരം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒമ്പതുവരെയായിരുന്നു 12 ദിവസത്തെ ഐ.പി.പി.എ.എസ് മിഷൻ പാകിസ്താനിൽ പര്യടനം നടത്തിയത്. മൊറോക്കോയുടെ ആണവ സുരക്ഷാ അതോറിറ്റി മുൻ ഡയറക്ടർ ജനറൽ ഖമ്മർ മിറാബിതിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്.
പാകിസ്താൻ നൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയുടെയും പാകിസ്താൻ അറ്റോമിക് എനർജി കമ്മീഷന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് പുറമെ, കറാച്ചിയിലെ കാനപ്പ് ഡീകമ്മീഷനിങ് പ്രോജക്ടുംസംഘം സന്ദർശിച്ചു.
പാകിസ്താന്റെ സിവിലിയൻ ആണവ വസ്തുക്കളുടെയും കേന്ദ്രങ്ങളുടെയും ഭൗതിക സുരക്ഷാ സംവിധാനം ശക്തമാണെന്നും, അവ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്നും സംഘം വിലയിരുത്തി. എങ്കിലും സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചില നിർദ്ദേശങ്ങളും ശുപാർശകളും സംഘം മുന്നോട്ടുവെച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് പാകിസ്താന്റെ ഏറ്റവും പ്രശസ്തനായ ആണവ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൽ ഖാദിർ ഖാൻ ഒരു രഹസ്യ ആഗോള ആണവ പ്രൊലിഫറേഷൻ ശൃംഖല നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇറാൻ, ലിബിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് സെൻട്രിഫ്യൂജ് രൂപകൽപ്പനകളും യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യകളും ഇയാൾ ചോർത്തി നൽകിയതായി പിന്നീട് കണ്ടെത്തി.
ഈ കള്ളക്കടത്ത് ശൃംഖലയെയാണ് മുൻ സി.ഐ.എ ഡയറക്ടർ ജോർജ് ടെനെറ്റ് ലോകത്തിന്റെ ‘ന്യൂക്ലിയർ വാൾമാർട്ട്’ എന്ന് വിശേഷിപ്പിച്ചത്. പിന്നീട് അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് മുഷറഫ് ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ കറുത്ത അധ്യായം പാകിസ്താന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ കളങ്കം വരുത്തിയിരുന്നു.
ഈ ഐ.പി.പി.എ.എസ് മിഷൻ പാകിസ്താന്റെ ആണവായുധ ശേഖരത്തെയോ സൈനിക ആണവ കേന്ദ്രങ്ങളെയോ പരിശോധിച്ചിട്ടില്ല. പാകിസ്താൻ ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്തതിനാൽ അവരുടെ തന്ത്രപ്രധാനമായ സൈനിക ആണവാഹക ശേഷികളും രഹസ്യ കേന്ദ്രങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ പരിശോധനക്ക് പുറത്താണ്. സിവിലിയൻ കേന്ദ്രങ്ങളെ മാത്രമാണ് ഐ.എ.ഇ.എ പരിശോധിച്ചത്.
ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റുകളുടെ കണക്കുകൾ പ്രകാരം പാകിസ്താന് നിലവിൽ ഏകദേശം 170ലധികം ആണവ പോർമുനകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആണവ ശേഖരങ്ങളിൽ ഒന്നാണിത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതാപരമായ അന്തരീക്ഷവും, സമീപകാലത്ത് ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള സംഭവവികാസങ്ങളും തെക്കേ ഏഷ്യയിൽ തന്ത്രപരമായ അസ്ഥിരത തുടരുന്നുവെന്നതിന്റെ തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.