തോറ്റിട്ടും 'വക്കീൽ' ചമഞ്ഞു; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറി കുരുക്കിൽ, മിടുക്കിയെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കേറ്റി സക്കാറിയ, ഔദ്യോഗിക ബാർ പരീക്ഷ പാസാകാതെ തന്നെ താൻ അഭിഭാഷകയാണെന്ന് അവകാശപ്പെട്ടതായി വെളിപ്പെടുത്തൽ. അമേരിക്കയിലെ പ്രമുഖ മാധ്യമമായ 'വാൾ സ്ട്രീറ്റ് ജേണൽ' പുറത്തുവിട്ട വാർത്തയെത്തുടർന്ന് യു.എസ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോലാഹലമാണ് ഉയർന്നിരിക്കുന്നത്. ബാർ പരീക്ഷ തോറ്റ വിവരവും അവകാശവാദങ്ങളും പുറത്തുവന്നതോടെ പ്രമുഖ വാച്ച്ഡോഗ് ഗ്രൂപ്പ് സക്കാറിയയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കാലിഫോർണിയ സ്റ്റേറ്റ് ബാറിനെ സമീപിച്ചിട്ടുണ്ട്.

2011-ൽ പെപ്പർഡൈൻ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്ന് നിയമബിരുദം നേടിയ ശേഷം സക്കാറിയ കാലിഫോർണിയ ബാർ പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ ഇതിനുശേഷവും സി.എൻ.എൻ ഉൾപ്പെടെയുള്ള പ്രമുഖ വാർത്താ ചാനലുകളിലും പോഡ്‌കാസ്റ്റുകളിലും സോഷ്യൽ മീഡിയയിലും ഇവർ താൻ 'അഭിഭാഷകയാണെന്ന്' നിരന്തരം സ്വയം വിശേഷിപ്പിച്ചുപോന്നു. സക്കാറിയയെ പുതിയ പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അവരെ ഒരു അഭിഭാഷകയായിട്ടാണ് പരിചയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ ഏത് സംസ്ഥാനത്തെ ബാർ പരീക്ഷയാണ് പാസായതെന്ന് ചോദിച്ചപ്പോൾ, "ഞാൻ ചൈനയിലേക്ക് മാറിയപ്പോൾ" എന്ന വ്യക്തതയില്ലാത്ത മറുപടിയാണ് സക്കാറിയ നൽകിയത്. ചൈനീസ് പൗരന്മാർക്ക് മാത്രമേ അവിടെ നിയമപ്രാക്ടീസിന് ഔദ്യോഗിക ലൈസൻസ് നൽകുകയുള്ളൂ എന്ന വസ്തുത നിലനിൽക്കേ, കേറ്റിയുടെ മറുപടി വിവാദം കൂടുതൽ കടുപ്പിച്ചു. ബിരുദത്തിനു ശേഷം ഭർത്താവിനൊപ്പം ചൈനയിലേക്ക് പോയ സക്കാറിയ ബീജിങിലെ ഒരു ലാ ഫേമിൽ ലീഗൽ കൺസൾട്ടന്റായി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ, 'ഫിക്സ് കാലിഫോർണിയ' എന്ന സംഘടനയിൽ ജനറൽ കൗൺസലായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. കാലിഫോർണിയ നിയമപ്രകാരം ബാർ പരീക്ഷ പാസാകാതെയും ലൈസൻസില്ലാതെയും വക്കീലെന്ന് സ്വയം പരിചയപ്പെടുത്തുന്നതും ജനറൽ കൗൺസൽ തസ്തിക വഹിക്കുന്നതും ക്രിമിനൽ കുറ്റമാണ്.

ഇതിനിടെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ അബ്ദുൾ എൽ-സയീദ് മെഡിക്കൽ സ്കൂൾ പാസായിട്ടും ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യാത്തതിനെ തുടരെ വിമർശിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് സക്കാറിയയുടെ അവകാശവാദം വൻ തിരിച്ചടിയായി മാറുകയാണ്. സ്വന്തം പ്രസ് സെക്രട്ടറിയുടെ തെറ്റായ യോഗ്യതാ വിവരങ്ങൾ വൈറ്റ് ഹൗസിന്റെ പരിശോധനാ സംവിധാനത്തിന്റെ വീഴ്ചയാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ സക്കാറിയയെ പിന്തുണച്ച് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് രംഗത്തെത്തിയിട്ടുണ്ട്. സക്കാറിയ മിടുക്കിയാണെന്നും വൈറ്റ് ഹൗസിന് ലഭിച്ച മികച്ചൊരു കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററിന്റെ ശബ്ദം കാരണം മാധ്യമപ്രവർത്തകരുടെ ചോദ്യം വ്യക്തമായി കേൾക്കാത്തതിനാലാണ് അങ്ങനെ മറുപടി നൽകിയതെന്നും, ബിരുദവും അനുഭവസമ്പത്തും വച്ച് ലീഗൽ അനാലിസിസ് നടത്താൻ തനിക്ക് പൂർണ്ണ യോഗ്യതയുണ്ടെന്നുമാണ് കേറ്റി സക്കാറിയയുടെ വിശദീകരണം.

Tags:    
News Summary - തോറ്റിട്ടും 'വക്കീൽ' ചമഞ്ഞു; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറി കുരുക്കിൽ, മിടുക്കിയെന്ന് വൈറ്റ് ഹൗസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.